Asianet News MalayalamAsianet News Malayalam

പ്രതിസന്ധികളും പ്രതീക്ഷകളും നിറഞ്ഞ യാത്രക്കൊടുവില്‍ 'കുറുപ്പ്' തിയറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ച് ദുല്‍ഖര്‍

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

actor dulquer salmaan kurup movie release date officially announced
Author
Kochi, First Published Oct 23, 2021, 6:01 PM IST
  • Facebook
  • Twitter
  • Whatsapp

സംസ്ഥാനത്ത് തിയറ്ററുകൾ(theater) തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ദുൽഖർ ചിത്രം(dulquer salmaan) 'കുറുപ്പി'ന്റെ(kurup) റിലീസ് തീയതി ഔദ്യോ​ഗികമായി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നവംബർ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  സമൂഹമാധ്യമങ്ങളില്‍(social media) പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖറാണ് റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചത്. കൂട്ടില്‍ നിന്നും കുറുപ്പ് പുറത്ത് വരികയാണെന്നും തിയറ്ററുകളിലേക്കാണ് ആ വരവെന്നും താരം കുറിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍(ott) റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തുന്നത്.

"പ്രയാസങ്ങളും പ്രതീക്ഷകളും നിറഞ്ഞ യാത്രയായിരുന്നു ഇത്. വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ കഥയും, ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട ഷൂട്ടിങ്ങും. ശേഷം മാസങ്ങളോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും. ഒടുവില്‍ കൊവിഡ് എന്ന മഹാമാരിയും വന്നു. കുറുപ്പ് വെളിച്ചം കാണുമോ എന്ന് സംശയിച്ച മാസങ്ങളുണ്ടായിരുന്നു. പക്ഷെ തിയറ്റര്‍ തുറക്കുന്നത് വരെ നിങ്ങളെല്ലാവരും തന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് ആ പ്രതിസന്ധി തരണം ചെയ്യാന്‍ കരുത്തായത്. രണ്ടാമത്തെ കുഞ്ഞിനെ പോലെയാണ് എനിക്ക് കുറുപ്പെന്ന് ഞാന്‍ എന്റെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും പലപ്പോഴും പറഞ്ഞിരുന്നു. ഈ സിനിമ മികച്ചതാവാന്‍ വേണ്ടി ഞാന്‍ ചെയ്യാത്തതായി ഒന്നുമില്ല. ശാരീരികമായും മാനസികമായും, സാമ്പത്തികമായും ഞാന്‍ ഈ സിനിമക്ക് വേണ്ടി എന്റെ എല്ലാം തന്നെ നല്‍കിയിട്ടുണ്ട്. ഞാന്‍ ഒരുപാട് തവണ 'ഞാന്‍' എന്ന വാക്ക് ഉപയോഗിച്ചു. അതൊരിക്കലും സിനിമയില്‍ പ്രവര്‍ത്തിച്ച ആരുടെയും പരിശ്രമം കുറച്ച് കാണിക്കുന്നതല്ല. അവരെല്ലാമാണ് കുറുപ്പിനെ സിനിമയാക്കിയത്. ഈ സിനിമയോട് എനിക്ക് എത്രമാത്രം ആത്മബന്ധമുണ്ടെന്ന് പറഞ്ഞതാണ്", എന്ന് ദുല്‍ഖര്‍ കുറിച്ചു.

"ഈ സിനിമയെ ഒരുമിച്ചാക്കാന്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തു. അതിനോട് നീതി പുലര്‍ത്താനും,  പരിപോഷിപ്പിക്കാനും ഞങ്ങള്‍ ഒരുമിച്ചുണ്ടായി. ഞാന്‍ നേരത്തെ പറഞ്ഞപോലെ കുറിപ്പിന് അതിന്റെതായൊരു വിധിയുണ്ടായിരുന്നു. പുറത്തുവരാനുള്ള സമയമാവാതെ കുറിപ്പ് റിലീസ് ആവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ കുറുപ്പ് സ്വതന്ത്രമാവാനുള്ള സമയമായി കഴിഞ്ഞു. കുറുപ്പിന് നിങ്ങള്‍ ചിറകുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അത് ഉയരങ്ങളില്‍ എത്തട്ടെ", എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. 

Read More: മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് 'കുറുപ്പ്'

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.  ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ  പ്രവീൺ ചന്ദ്രൻ, പി ആർ ഒ ആതിര ദിൽജിത്.

Follow Us:
Download App:
  • android
  • ios