Asianet News MalayalamAsianet News Malayalam

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് 'കുറുപ്പ്'

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. 

Theaters across the state will reopen on Monday
Author
Thiruvananthapuram, First Published Oct 22, 2021, 1:18 PM IST

തിരുവനന്തപുരം: കൊവിഡ്(covid19) പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ (Theatre) തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ (Government) നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക്(second show) അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തിൽ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പാണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റർ റിലീസിലേക്ക് മാറിയത്. വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റർ ഉമകൾ മുന്നോട്ട് വച്ചത്.  

Read Also: തിയറ്റര്‍ മേഖലയെ കൈപിടിച്ചുയര്‍ത്തുമോ 'കുറുപ്പ്'? ദുല്‍ഖര്‍ ചിത്രം നവംബറില്‍

അതേസമയം, മോഹൻലാൽ-പ്രിയദർശൻ കൂട്ടിക്കെട്ടിലുള്ള  'മരക്കാർ അറബിക്ക‌ടലിന്റെ സിംഹം' എന്ന ബിഗ് ബജറ്റ് ചിത്രം ഉള്‍പ്പടെ നിരവധി സിനിമകളാണ് മലയാളത്തില്‍ റിലീസിനായി കാത്തിരിക്കുന്നത്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, ജോജു ജോർജ് നായകനാകുന്ന സ്റ്റാർ എന്നീ ചിത്രങ്ങൾ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മരക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍‍ ഇതുവരെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടില്ലെന്നും. ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കേണ്ടവര്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവോ മോഹന്‍ലാലോ ആണെന്നുമാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചത്. 

Read Also: 'തിയറ്ററുകള്‍ക്ക് തരാതിരിക്കില്ല'; മരക്കാര്‍ 'ഹൈബ്രിഡ് റിലീസ്' ആയാലും അത്ഭുതപ്പെടാനില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

ചിത്രം തിയറ്ററുകളില്‍ത്തന്നെ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ താനും മോഹന്‍ലാലും നിര്‍മ്മാതാവ് ആയ ആന്‍റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണെന്ന് നേരത്തെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു- "ഒരു ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കപ്പെടേണ്ട ചിത്രം. ഇനിയൊരു ആറ് മാസം കൂടി കാത്തിരിക്കേണ്ടിവന്നാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കും മരക്കാര്‍. മരക്കാര്‍ പോലെ ഒരു വലിയ ചിത്രം ഡിജിറ്റലില്‍ എത്തുംമുന്‍പ് തിയറ്ററില്‍ റിലീസ് ചെയ്യണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ് ഞാനും മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും", എന്നായിരുന്നു പ്രിയദര്‍ശന്‍റെ വാക്കുകള്‍.

Follow Us:
Download App:
  • android
  • ios