ദൃശ്യം 3യില്‍ ജോര്‍ജ്ജ് കുട്ടിയെ ഒറ്റുന്നത് ആരായിരിക്കും എന്ന സസ്‍പെൻസ് നിലനില്‍ക്കെയായിരുന്നു എസ്‍തറിന്റെ ആ മറുപടി.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. വരുണ്‍ പ്രഭാകറിന്റെ കൊലപാതകവും അത് മറച്ചുവയ്‍ക്കാൻ ജോര്‍ജ്ജ് കുട്ടി നടത്തുന്ന ശ്രമങ്ങളുമാണ് ദൃശ്യം സിനിമകളില്‍ പറയുന്നത്. മൂന്നാം ഭാഗത്ത് ഇളയ മകള്‍ അനു ജോര്‍‌ജ് കുട്ടിയെ ഒറ്റുമെന്ന് ഫാൻ തിയറികളുണ്ട്. ആ സംശയത്തിന് അനുവിനെ അവതരിപ്പിച്ച താരം എസ്‍തര്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ജോര്‍ജ് കുട്ടിയെ ഇത്തവണ ചതിക്കുന്നത് ഇളയ കുട്ടിയായിരിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. വളരെ രസകരമായി തന്നെ എസ്‍തര്‍ ആ ചോദ്യത്തിന് മറുപടി പറഞ്ഞു. ''അനു ഫസ്റ്റ് പാര്‍ട്ടില്‍ പറഞ്ഞല്ലോ എന്താ കണ്ടതെന്ന്. എന്തോ ഒരു സാധനം കുഴിച്ചിടുന്നത് കണ്ടു എന്ന് പറഞ്ഞു. അപ്പോള്‍ പൊലീസിന്റെയടുത്ത് പറയാനുള്ളത് അനു ഓള്‍റെഡി പറഞ്ഞു. ആ സംഭവത്തെ കുറിച്ച് ആ ഫാമിലിയിലെ ആരും അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിക്കാറില്ല. പാര്‍ട്ട് 2വില്‍ അത് കണ്ടു. ആ ടോപ്പിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് സംസാരിക്കണ്ട എന്ന് ജോര്‍ജ് കുട്ടി എപ്പോഴും വിലക്കും. അപ്പോള്‍ അനുവിന് അതിനെ കുറിച്ച് ഒന്നും അറിയില്ല. അപ്പോള്‍ അനു എങ്ങനെയാണ് ഒറ്റുക എന്നത് ഒരു ചോദ്യ ചിഹ്‍നം അല്ലേ. അനു ഒറ്റില്ല എന്നാണ് എന്റെ ഒരു വിശ്വാസം''.- എസ്‍തര്‍ പറഞ്ഞു. എസ്‍തറിന്റെ മറുപടി ഇളയ കുട്ടി ഒറ്റുമോ ഇല്ലയോ എന്ന സസ്‍പെൻസ് പൊളിക്കുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.

യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക