ആടുജീവിതത്തില്‍ നായകനായി എത്തിയ പൃഥ്വിരാജിനെ കുറിച്ച് നടൻ ഫഹദ്.

പൃഥ്വിരാജ് നായകനായ ആടുജീവിതം 50 കോടി ക്ലബിലെത്തിയിരിക്കുകയാണ്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തുന്നത് ലോകമെമ്പാടുമുള്ള നിരവധി പേരാണ്. ആടുജീവിതത്തിന്റെ റിലീസിനു മുന്നേ ഫഹദ് പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്. പൃഥ്വിരാജിനറെ ഫാൻ മീറ്റില്‍ വീഡിയോയിലൂടെ ആശംസകള്‍ നേരുകയായിരുന്നു ഫഹദ്.

ആടിജീവിതത്തിലെ നജീബായി വേഷമിടാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കില്‍ അത് നീ മാത്രമാണെന്ന് പറയുകയായിരുന്നു പൃഥ്വിരാജിനോട് ഫഹദ്. അതിന് നിന്നോട് നന്ദിയുണ്ട്. ഇത് എന്റേതായി എനിക്ക് തോന്നുന്നു. ഞാൻ നായകനായി എത്തുന്ന ഒരു സിനിമയുടെ റിലീസിനു മുന്നേയുണ്ടാകുന്ന ഒരു ആവേശമാണ് തനിക്ക് എന്നും ഫഹദ് വ്യക്തമാക്കുന്നു.

ആടുജീവിതം പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായ സിനിമകളില്‍ ഒന്നാണ്. ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. റിലീസായപ്പോള്‍ പ്രതീക്ഷളെല്ലാം ശരിവയ്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ പൃഥ്വിരാജില്‍ നിന്ന് കാണാൻ സാധിച്ചതും. പൃഥ്വിരാജ് എക്കാലത്തെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയതെന്നാണ് അഭിപ്രായങ്ങള്‍.

രണ്ടായിരത്തിപതിനെട്ട് ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലായിരുന്നു 'ആടുജീവിതം' സിനിമ ചിത്രീകരണം നടൻ പൃഥ്വിരാജും ബ്ലസിയും തുടങ്ങിയത്. അതേവര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. പിന്നീട് 2020ലും ജോര്‍ദാനില്‍ ചിത്രീകരിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാസംഘം അവിടെ കുടുങ്ങി. 2022 മാര്‍ച്ച് 16ന് സഹാറ, അള്‍ജീരിയ തുടങ്ങിയിടങ്ങളില്‍ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദ്ദാനില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂ ഒരിക്കല്‍ക്കൂടി ചിത്രീകരണത്തെ തടസ്സപ്പെടുത്തിയെങ്കിലും ഏപ്രില്‍ 14ന് പുനരാരംഭിച്ചു. ജൂണ്‍ 14ന് ചിത്രീകരണം പൂര്‍ത്തിയായി. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക