ബാലതാരമായി ശ്രദ്ധ നേടി മുതിര്‍ന്നപോള്‍ മലയാള സിനിമയില്‍ നിരവധി സഹ കഥാപാത്രങ്ങളിലൂടെ നിറഞ്ഞുനില്‍ക്കുന്ന ഗണപതി ഇപ്പോള്‍  സംവിധായകനായും തിളങ്ങുന്നു. ഒന്ന് ചിരിക്കൂവെന്ന ഷോര്‍ട് ഫിലിം ഒരുക്കിയാണ് ഗണപതി സംവിധാനക്കുപ്പായം അണിഞ്ഞത്. 

മണ്ണിന്റെ മണമുള്ള ഷോര്‍ട് ഫിലിം എന്നായിരിക്കും പ്രേക്ഷകര്‍ ആദ്യം 'ഒന്ന് ചിരിക്കൂ' കണ്ട് കഴിഞ്ഞാല്‍ പറയുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ കാലിക പ്രസക്തിയുള്ള വിഷയം പറഞ്ഞൂവെന്നതാണ് 'ഒന്ന് ചിരിക്കൂ'വെന്ന ഷോര്‍ട് ഫിലിമിന്റെ പ്രത്യേകത. ഒട്ടേറെ ആരാധകരാണ് സിനിമ കണ്ട് അഭിനന്ദനവുമായി കമന്റ് എഴുതിയിരിക്കുന്നത്. ഷോര്‍ട് ഫിലിം ഒരുക്കുമ്പോള്‍ ആഖ്യാനത്തില്‍ സംവിധായകൻ കാട്ടിയ കയ്യടക്കവും എടുത്ത് പറയേണ്ടതാണ്.  തമ്പായിയും നാരായണൻ നമ്പ്യാരും ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.  ഗൗതം ബാബു ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ശ്രീ വത്സൻ ആര്‍ എസ് ആണ് എഡിറ്റര്‍. ബാബു അന്നൂരാണ് മേയ്‍ക്ക് അപ്പ്. ജയകൃഷ്‍ണൻ ഉണ്ണിത്താൻ ആണ് സംഗീതം.  സുഭിഷ് സുധി ഉള്‍പ്പെടെയുള്ള താരങ്ങളും ചിത്രത്തിലുണ്ട്.