Asianet News Malayalam

നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു; സഹായത്തിനെത്തിയ സുരേഷ് ഗോപിയെ കുറിച്ച് നടൻ

സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ പ്രവര്‍ത്തിക്കുന്ന സുരേഷേട്ടൻ ബിഗ് സല്യൂട്ട് എന്ന് ജെയ്‍സ് ജോസ്.

Actor get help from Suresh Gopi
Author
Kochi, First Published May 14, 2020, 2:35 PM IST
  • Facebook
  • Twitter
  • Whatsapp

സുരേഷ് ഗോപി ചെയ്‍ത സഹായത്തിന് നന്ദി അറിയിച്ച് നടൻ ജെയ്‍സ് ജോസ്. സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെയാണ് സുരേഷ് ഗോപി പ്രവര്‍ത്തിച്ചത് എന്നും ജെയ്‍സ് ജോസ് പറയുന്നു.


ജെയ്‍സ് ജോസിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഒരു സൂപ്പർസ്റ്റാർ, ഒരു എംപി എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യന്റെ നന്മ ഞാൻ ഒരുപാട് കേട്ടറിഞ്ഞിരുന്നു, പക്ഷെ അദ്ദേഹത്തിന്റെ നന്മ തൊട്ടറിഞ്ഞ ഒരു നിമിഷത്തെ പറ്റിയുള്ളതാണ്  കുറിപ്പ്.

കഴിഞ്ഞ വെള്ളിയാഴ്ച്ച ഞാൻ എന്റെ കസിൻ ബ്രദറിന്റെ മെസ്സേജ് കണ്ടാണ് ഉണരുന്നത്. ഇനി എന്ത് ചെയ്യണം എന്നറിയാതെ തളർന്ന അവസ്ഥയിലുള്ള ഒന്നായിരുന്നു അത്.

അവരുടെ കൂടെ അയർലണ്ടിൽ പഠിക്കുന്ന കുട്ടിക്ക് (പ്രൈവസി മാനിച്ചു പേരുകൾ വെളിപ്പെടുത്തുന്നില്ല) ലുക്കിമിയ ഡയഗ്‌നോസ് ചെയ്‌തു, രണ്ടു തവണ കീമോതെറാപ്പി കഴിഞ്ഞ അവൾക് കുറച്ച് ആഴ്‍ചകളോ മാസങ്ങളോ ആയുസ്സ് ആണ് ഡോക്ടർമാർ വിധിയെഴുതിയത്. നാട്ടിൽ പോയി മാതാപിതാക്കളുടെ അടുത്ത് കഴിഞ്ഞു കൊണ്ട് കീമോ തുടരുവാൻ അവിടുത്തെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഒരു നിമിഷം അവളുടെയും അവളുടെ മാതാപിതാക്കളുടെ മുഖം എന്റെ മനസ്സിൽ വന്നു, എത്രമാത്രം ഹൃദയഭാരത്തോടെ ആയിരിക്കും അവർ ഓരോ നിമിഷവും തള്ളി നീക്കുക എന്നത് നമുക്ക് എളുപ്പം മനസിലാകും, പരസ്‍പരം കാണാതെ  ലോകം വിട്ടു പോകുക എന്നത് ചിന്തിക്കാനാകുന്ന ഒന്നല്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

കുട്ടിയെ അടിയന്തിരമായിട്ടു നാട്ടിൽ എത്തിക്കാനുള്ള അവസാന പരിശ്രമമെന്ന നിലയിലാണ് എന്റെ കസിൻ എനിക്ക് മെസ്സേജ് അയക്കുന്നത്. കാരണം വളരെയേറെ വാതിലുകൾ അവർ മുട്ടിക്കഴിഞ്ഞിരുന്നു ഇതിനകം. ഞാൻ സിനിമ ഫീൽഡിൽ ഉള്ളതിനാലും, ഇപ്പോൾ ഞാൻ സുരേഷേട്ടന്റെ കാവൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിനാലും എനിക്ക് അദ്ദേഹവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകും എന്നവർ ഊഹിച്ചിരിക്കാം.

ഞാൻ മെസ്സേജ് വായിച്ച ഉടനെ അവനെ തിരിച്ചു വിളിച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് ഫോണെടുത്തു വിളിക്കുന്നതിന്‌ പകരം എന്തിനാണ് മെസ്സേജ് അയക്കുന്നത് എന്ന് ഞാൻ ചോദിക്കുകയും ചെയ്‍തു.

സുരേഷേട്ടന്റെയും മാനേജർ സിനോജിന്റെയും നമ്പർ അവര്‍ക്ക് അയച്ചു കൊടുത്തു. അല്‍പസമയത്തിനുള്ളിൽ സുരേഷ് സാറിനെ കിട്ടിയില്ല പക്ഷെ മാനേജർ  വിവരം സുരേഷ് സാറിന്റെ അടുത്ത് എത്തിച്ചുകൊള്ളാം എന്ന് ഉറപ്പ് പറഞ്ഞെന്നും അറിയിച്ചു. പക്ഷെ സുരേഷേട്ടൻ ഇതറിയാൻ എന്തെങ്കിലും ഡിലെ വരുമോ എന്ന് ഭയന്ന് സുരേഷേട്ടനെ ഞാൻ വിളിക്കുന്നതിനേക്കാൾ നല്ലത് നിതിൻ രഞ്ജിപണിക്കർ ആണെന്ന് എനിക്ക് തോന്നി. ഞാൻ ഉടനെ നിതിനെ വിളിച്ചു എന്റെ കയ്യിലുണ്ടായിരുന്ന മുഴുവൻ വിവരങ്ങളും ഡോക്യൂമെൻറ്സും അയച്ചു കൊടുത്തു. ജെയ്‌സ്, ഞാൻ ഇത് ഉടനെ സുരേഷേട്ടന് എത്തിച്ചു കൊള്ളാമെന്നും സഞ്ജയ് പടിയൂരിന് കൂടെ ഇത് ഷെയർ ചെയ്തേക്കൂ എന്നും നിതിൻ പറഞ്ഞു. അദ്ദേഹം പറഞ്ഞ പോലെ ഞാൻ സഞ്ജയ് ഭായിയെ വിളിച്ചു വിവരം കൈമാറി അദ്ദേഹവും എനിക്ക് എല്ലാ സഹായവും ഉറപ്പ് തന്നു.

തൊട്ടുപിന്നാലെ സുരേഷേട്ടനെ എനിക്ക് ഫോണിൽ ലഭിക്കുകയും ചെയ്‍തു, പിന്നെ നടന്നതെല്ലാം ഒരു സിനിമ ക്ലൈമാക്സ് പോലെ അതിശയിപ്പിക്കുന്നതായിരുന്നു. കോവിഡ് കാലമായതിനാൽ അയർലണ്ടിൽ നിന്ന്  ഇന്ത്യയിലേക്ക് എത്തുക എന്നത് അസാധ്യമാണ്. പക്ഷെ അടിയന്തിര ഇടപെടൽ നിമിത്തം ഇന്ത്യൻ എംബസ്സിയുടെ എൻ ഒ സി ലഭിക്കുകയും, അയർലണ്ടിൽ നിന്നും ഇന്ത്യയിലേക് ഫ്ലൈറ്റ് ഇല്ലാത്തതിനാൽ കുട്ടിയേ ലണ്ടനിൽ എത്തിക്കുകയും നെക്സ്റ്റ് ഫ്ലൈറ്റിൽ അടിയന്തിരമായി കുട്ടിയുടെ പേര് ഫ്ലൈറ്റ് ലിസ്റ്റിൽ ചേർത്ത് ഇന്ത്യയിൽ എത്തിക്കുകയും ചെയ്‍തു.

കുട്ടി ഒരു മലയാളി അല്ല എന്നതാണ് മറ്റൊരു കാര്യം, സംസ്ഥാനമോ, മതമോ, നിറമോ, രാഷ്ട്രീയമോ ഒന്നും നോക്കാതെ ഏത് സമയത്തും നമ്മൾക്കു കാവലായി നിൽക്കുന്ന സുരേഷേട്ടന് എന്റെ ബിഗ് സല്യൂട്ട്.

Follow Us:
Download App:
  • android
  • ios