മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി.
മലയാള സിനിമയുടെ പ്രമുഖ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. പക്ക ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോഷിയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വൈകാതെ പുറത്തുവരും.
ജോഷിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ സിനിമാസ്വാദകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ബിഗ് ബജറ്റിലാകും സിനിമ ഒരുങ്ങുന്നതെന്നും ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും ഉണ്ണി മുകുന്ദന്‍ സിനിമയില്‍ എത്തുക എന്നുമാണ് വിവരം. ഉണ്ണി മുകുന്ദൻ ഫിലിംസ്, ഐൻസ്റ്റിൻ മീഡിയ എന്നീ ബാനറുകളിലാണ് നിർമാണം. പൊറിഞ്ചു മറിയം ജോസിന്റെ രചയിതാവ് അഭിലാഷ് എൻ. ചന്ദ്രൻ ആണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് സൂചനകൾ.
മലയാള സിനിമയ്ക്ക് ഒട്ടനവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ളവരുടെ മാസ് കഥാപാത്രങ്ങൾ ജോഷിയുടെ സംവിധാനത്തിൽ പിറവി എടുത്തിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഉണ്ണി മുകുന്ദൻ കൂടി എത്തുമ്പോൾ എന്തൊക്കെ വിസ്മയമാകും മലയാള സിനിമാസ്വാദകരെ കാത്തിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ജോജു ജോർജ്ജ് നായകനായ ആൻ്റണി, സുരേഷ് ഗോപിയുടെ പാപ്പൻ എന്നിവയായിരുന്നു ജോഷിയുടേതായി സമീപകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങൾ. ദുൽഖർ സൽമാൻ്റെ കിംഗ് ഓഫ് കൊത്തയിലൂടെ അദ്ദേഹത്തിന്റെ മകൻ അഭിലാഷ് ജോഷിയുെ സംവിധാന അരങ്ങേറ്റം കുറിച്ചിരുന്നു.
അതേസമയം, ഗെറ്റ് സെറ്റ് ബേബി ആയിരുന്നു ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നിഖില വിമലായിരുന്നു നായിക. മാര്‍ക്കോയാണ് മറ്റൊരു സിനിമ. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായിരുന്നു.



