ഫൈറ്ററിലെ ഹൃത്വിക്കിന്റെ ലുക്കാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഗ്രീക്ക് ഗോഡ് എന്നാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ആകാര സൗന്ദര്യത്തില്‍ മറ്റ് ബോളിവുഡ് താരങ്ങളേക്കാളും ഏറെ മുന്നിലാണ് ഹൃത്വിക് റോഷൻ. ഫിറ്റ്‍നെസിന് അത്രത്തോളം പ്രാധാന്യം നല്‍കുന്ന താരവുമാണ് ഹൃത്വിക് റോഷൻ. സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദിന്റെ വരാനിക്കുന്ന ചിത്രം ഫൈറ്ററിലെ നായകൻ ഹൃത്വിക് റോഷന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

ഹീര്‍ ആസ്‍മാനി എന്ന ഗാനം ചിത്രത്തിലേതായി ഇന്നലെ പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ ഹൃത്വിക്കിന്റെ മുഖത്ത് ചുളിവുകളുണ്ടായിരുന്നു. ഹൃത്വിക്കിന്റെ സത്യസന്ധതയെ പ്രശംസിക്കുകയാണ് ആരാധകര്‍. സാങ്കേതികതയുപയോഗിച്ച് മുഖത്ത് ചുളിവുകള്‍ മറക്കാൻ താരങ്ങള്‍ ശ്രമിക്കുമ്പോള്‍ ഹൃത്വിക് റോഷൻ യഥാര്‍ഥ രൂപത്തില്‍ പ്രത്യക്ഷപ്പെടാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്ന ആരാധകര്‍ അദ്ദേഹം മികച്ച ലുക്കിലാണ് എന്നും അഭിപ്രായപ്പെടുന്നു.

ഹൃത്വിക് റോഷൻ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് വിക്രം വേദയാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു ചിത്രമായ 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേക്കിലായിരുന്നു ഹൃത്വക് റോഷൻ നായകനായി എത്തിയത്. സംവിധാനം പുഷ്‍കര്‍- ഗായത്രി ദമ്പതിമാരാണ്. ഹൃത്വിക് റോഷൻ നായകനായ ബോളിവുഡ് ചിത്രം ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മിച്ചത്.

ഹൃത്വിക് റോഷനു പുറമേ ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പി എസ് വിനോദാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന വിക്രം വേദയുടെ പാട്ടുകള്‍ വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവര്‍ ഒരുക്കിയപ്പോള്‍ റിലീസിനു മുന്നേ ഹിറ്റായിരുന്നു. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ട് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നുവെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: ഇന്ത്യൻ ബോക്സ് ഓഫീസ് കിംഗ് ആര്?, ഷാരൂഖല്ല ഒന്നാമൻ, മുന്നില്‍ ആ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, സര്‍പ്രൈസ് പട്ടിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക