പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ സീരീസിലെ മൂന്നാം ഭാഗമായ 'അസ്രയേൽ' (L3) കുറിച്ച് ഇന്ദ്രന്‍സ്. ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ലഭിക്കുമെന്ന് ഇന്ദ്രൻസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
പൃഥ്വിരാജ് എന്ന നടനിൽ ഒരു സംവിധായകൻ കൂടി ഒളിഞ്ഞ് കിടപ്പുണ്ടെന്ന് മലയാളികൾ മനസിലാക്കിയ സിനിമയായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറി. ശേഷം എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗവും റിലീസ് ചെയ്തു. ഇനി എൽ 3യുടെ വരവാണ്. അസ്രയേല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ നടക്കുകയാണ്. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നതും.
തതവസരത്തിൽ അസ്രയേലിനെ കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. എൽ 3യിൽ ഉണ്ടാകുമോന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് നൽകിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. "ഇനി വരാന്‍ പോകുന്ന സിനിമയല്ലേ. അറിയില്ല. അതിൽ നിലവിലുള്ള കഥാപാത്രങ്ങളെ ഉള്ളുവോ എന്നും അറിയില്ല. ചിലപ്പോള്‍ എന്തെങ്കിലും ഒരു കുഞ്ഞ് വേഷം തരും", എന്നായിരുന്നു നിറചിരിയോടെ ഇന്ദ്രൻസ് മറുപടി നൽകിയത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "എമ്പുരാനിൽ ഇദ്ദേഹം വന്നാൽ പൊളിച്ചു അടുക്കും ഉറപ്പ്, ചെറിയൊരു സീൻ ആയാലും പ്രധാന വേഷം ചെയ്യുന്നവരെ അങ്ങ് മൂലയ്ക്ക് വയ്ക്കും, ഇത്രയും സിമ്പിളായിട്ടുള്ള വേറൊരു നടൻ മലയാള സിനിമയിൽ ഉണ്ടാകില്ല", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, അസ്രയേൽ സാധ്യമാകുന്നതിന് ചില തടസങ്ങൾ ഉണ്ടെന്ന് അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. "എന്‍റെ സമയമാണ് പ്രശ്നം. തീര്‍ച്ചയായും ലാലേട്ടന്‍റെയൊക്കെ സമയം എന്‍റെ സമയത്തേക്കാള്‍ വിലപ്പെട്ടതാണ്. പക്ഷേ ഞാന്‍ അതിനുവേണ്ടി ഒരു സമയം മാറ്റിവെക്കുക എന്നുള്ളതാണ് ഏറ്റവും വലിയ ചലഞ്ച്", എന്നായിരുന്നു അന്ന് പൃഥ്വിരാജ് പറഞ്ഞത്.



