നടൻ അഭിമന്യു ഷമ്മി തിലകൻ, ചിയാൻ വിക്രമുമായുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവെച്ചു. 30 വർഷം മുൻപ് 'സ്ട്രീറ്റ്' സിനിമയുടെ ലൊക്കേഷനിൽ വെച്ച് കണ്ടപ്പോൾ അഭിമന്യുവിന് ആറുമാസം പ്രായമായിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ചിയാൻ വിക്രം. മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ തുടക്കം കുറിച്ച വിക്രം ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ്. തമിഴകത്തിന്റെ സ്വന്തം ചിയാൻ ആയി തിളങ്ങുന്ന വിക്രമിനൊപ്പമുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നടൻ അഭിമന്യൂ ഷമ്മി തിലകൻ. സ്ട്രീറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു അഭിമന്യുവും വിക്രമും ആദ്യമായി കാണുന്നത്. അന്ന് അഭിമന്യുവിന് ആറ് മാസം മാത്രമായിരുന്നു പ്രായം. 30 വർഷത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടു മുട്ടിയപ്പോൾ വിക്രമിന് അന്നും ഇന്നും ഒരുമാറ്റവും ഇല്ലാതെ തുടരുന്നു.
അഭിമന്യു തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിക്രമിനെ കണ്ട സന്തോഷം പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഷമ്മി തിലകനും ഉണ്ട്. 30 വർഷങ്ങൾക്ക് ശേഷം ചിയാൻ 63യ്ക്ക് വേണ്ടി ഷമ്മിയും വിക്രമും വീണ്ടും സ്ക്രീൻ പങ്കിടുന്ന സന്തോഷവും അഭിമന്യു പങ്കുവച്ചു. ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകുമെന്നും അഭിമന്യു പറയുന്നു.
"എടാ നിനക്ക് എന്നെ ഓർമയുണ്ടോ ?", ഇന്നലെ വിക്രം സാർ എന്നോട് ചോദിച്ച ഈ വാക്കുകൾ ഞാൻ എന്നും നെഞ്ചിലേറ്റുന്ന നിമിഷമായിരിക്കും. ഞാങ്ങൾ അവസാനമായി കണ്ടുമുട്ടുന്നത് സ്ട്രീറ്റ് എന്ന മലയാള സിനിമയുടെ ലൊക്കേഷനിൽ വച്ചാണ്. അന്നെനിക്ക് വെറും 6 മാസം ആയിരുന്നു പ്രായം. ചിത്രത്തിൽ അദ്ദേഹവും അച്ഛനും സ്ക്രീൻ പങ്കിട്ടിരുന്നു. ധ്രുവം സിനിമയിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇപ്പോൾ 30 വർഷത്തിന് ശേഷം ചിയാൻ 63ന് വേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു, "ഞാൻ നിന്നെ ഒരുപാട് എടുത്തോണ്ട് നടന്നതാ", എനിക്കൊരു ചിരി മാത്രമാണ് നൽകാനായത്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന ഈ രണ്ട് അവിശ്വസനീയ അഭിനേതാക്കളുടെ അടുത്ത് നിൽക്കാനായത് ഒരു മാജിക് പോലെയാണ് തോന്നുന്നത്. മലയാളം ക്ലാസിക്കുകൾ മുതൽ ഒരു വലിയ തമിഴ് പ്രോജക്റ്റ് വരെ, ചില ബന്ധങ്ങൾ കാലത്തിനനുസരിച്ച് കൂടുതൽ മനോഹരമാകും", എന്നായിരുന്നു അഭിമന്യുവിന്റെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. അഭിമന്യുവിന് 30 കഴിഞ്ഞിട്ടും വിക്രം അന്നും ഇന്നും ഒരുപോലെ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. "ഏജ് ഈസ് റിവേഴ്സ് ഗിയർ എന്നാൽ വിക്രം തന്നെ, എന്താ ലുക്ക്, ഭാവിയിലെ തെന്നിന്ത്യയിലെ വില്ലൻ അതാണ് ഷമ്മി ജൂനിയർ", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.



