മുൻപ് പല പ്രമുഖ നടിമാരും തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിട്ടുണ്ടെന്ന് നടൻ ഇന്ദ്രൻസ് വെളിപ്പെടുത്തി. ഈ സിനിമയിൽ മധുബാല നായികയാകാൻ സമ്മതിച്ചപ്പോൾ വലിയ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

ലയാളത്തിന്റെ പ്രിയ നടനാണ് ഇന്ദ്രൻസ്. തയ്യൽക്കാരനായി വെള്ളിത്തിരയിൽ എത്തിയ അദ്ദേഹം അവിടുന്ന് കോമഡി നടനായി ബി​ഗ് സ്ക്രീനിൽ എത്തി. ഇന്ന് കഴമ്പും കാമ്പുമുള്ള ക്യാരക്ടർ റോളുകൾ ചെയ്ത് പാൻ ഇന്ത്യൻ റീച്ചിലേക്ക് എത്തി നിൽക്കുന്ന ഇന്ദ്രൻസിനെ കാണുമ്പോൾ മലയാളികൾക്കും ഏറെ അഭിമാനം. നിലവിൽ ചിന്ന ചിന്ന ആസൈ എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. മധുബാല നായികയായി എത്തുന്ന ചിത്രം 19ന് തിയറ്ററിൽ എത്തും. തതവസരത്തിൽ തനിക്കൊപ്പം പല വലിയ നടിമാരും അഭിനയിക്കില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും തുറന്നു പറയുകയാണ് ഇന്ദ്രൻസ്. മധുബാല ഓക്കെ പറഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ചില ജീവനുള്ള കഥാപാത്രങ്ങള്‍ കിട്ടും. അത് കിട്ടുമ്പോള്‍ തന്നെ ഒരു ആധിയാണ്. അത്തരത്തിലൊരു സിനിമയാണ് ചിന്ന ചിന്ന ആസൈ. കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. മധു മേഡമാണ് നായിക എന്നും എന്നോട് പറഞ്ഞിരുന്നു. ആരാണ് മാധവന്‍ മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയ്യല്ലേ, തീരുമാനിച്ചില്ലെന്നെ പറയാവൂന്ന് അവരോട് പറയണമെന്ന് ഉണ്ടായിരുന്നു. അല്ലെങ്കില്‍ ചിലപ്പോള്‍ അവര് വിളിച്ച് അന്വേഷിക്കും. ആരാണ് ഇയാള്‍ എന്ന് ചോദിക്കുമ്പോള്‍, അതിവിടെ കോമഡി ഒക്കെ ചെയ്ത ഒരുത്തനാണെന്ന് പറയുമ്പോള്‍ ചിലപ്പോള്‍ അവരതില്‍ നിന്നും പിന്മാറും. അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല. എനിക്ക് പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകളുടെ പേര് പറയും പക്ഷേ അവസാനം അവര്‍ സിനിമയില്‍ ഉണ്ടാകാറില്ല. നമ്മുടെ വേഷത്തോട് തൃപ്തിയാണ്. പക്ഷേ അക്കാര്യത്തിലൊരു ആധി ഉണ്ടാകും. പക്ഷേ മധു മേഡത്തിന് ഇഷ്ടമായി സമ്മതിച്ചു എന്ന് പറയുന്നു. ഞാനും ആ ഡേറ്റിന് വേണ്ടി കാത്തിരുന്നു. ഒരാഴ്ചയൊക്കെ അതില്‍ മാറ്റം വരുമ്പോള്‍ എനിക്ക് വെപ്രാളമാണ്. പക്ഷേ അതൊന്നും സംഭവിച്ചില്ല മേഡം വന്നു. എനിക്ക് ഒത്തിരി സന്തോഷമായി. 19-ാം തീയതി സിനിമയുടെ ജാതകം എന്താണെന്ന് അറിയാനായി ചങ്കിടിപ്പോടെയുള്ളൊരു കാത്തിരിപ്പാണ്", എന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഹേമ മാലിനിയെ ആയിരുന്നു ആ​ഗ്രഹിച്ചിരുന്നത്'

നല്ല നായികമാർക്കൊപ്പം അഭിനയിക്കണമെന്നത് ഇന്ദ്രൻസിന്റെ ആദ്യകാല ആ​ഗ്രഹങ്ങളായിരുന്നു. ഒടുവിൽ അത് സാധിച്ചതിനെ കുറിച്ച് വളരെ രസകരമായി ഇന്ദ്രൻസ് പറഞ്ഞതിങ്ങനെയാണ്, "ഹേമ മാലിനിയെ ആയിരുന്നു ആ​ഗ്രഹിച്ചിരുന്നത്. പക്ഷേ ആ കുടുംബത്തിൽ നിന്നു തന്നെയാണ് മധു മാഡത്തിനെ കിട്ടിയത്. അന്ന് ആ​ഗ്രഹിച്ചതെല്ലാം അങ്ങനെ ഒരു കോലത്തിൽ ആയിരുന്നപ്പോഴായിരുന്നു. ഇപ്പോഴും കോലത്തിൽ ഒന്നും മാറ്റം വന്നില്ല. പക്ഷേ ജനറേഷൻ മാറിയപ്പോൾ ഞാൻ എങ്ങനെയോ അവർക്ക് പാകമാകുന്നൊരു ആളായി. ഓരം ചേർന്ന് നിന്നുപോകാതെ തുഴഞ്ഞത് കൊണ്ടാകാം ഇവിടം വരെ എത്താനായത്. അത് മാറിയ തലമുറയുടെ സമ്മാനമാണ്", എന്നാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming