തന്റെ അതിവിനയം അഭിനയമാണെന്ന വിമർശനങ്ങളോട് നടൻ ഇന്ദ്രൻസ് പ്രതികരിച്ചു. Indrans reacted to criticism about his humble behaviour in public
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തി പിന്നീട് കോമഡി താരമായി തിളങ്ങിയ ഇന്ദ്രൻസ് നിരവധി സിനിമകളിൽ പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ്. എന്നാൽ ബോഡി ഷെയ്‌മിങ്ങിന് ഇരയാവുന്ന കഥാപാത്രങ്ങൾക്കപ്പുറം അയാളിൽ ഒരു നടനുണ്ടെന്ന് മലയാള സിനിമ വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ റിപ്പർ രവി എന്ന ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെയിൽമരങ്ങൾ, ഹോം, മാലിക്, പറവ, ഉടൽ, ആട് ഫ്രാഞ്ചൈസി തുടങ്ങീ നിരവധി ചിത്രങ്ങൾ മികച്ച പ്രകടനമാണ് ഇന്ദ്രൻസ് കാഴ്ചവച്ചത്. ഇപ്പോഴിതാ സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രമായി ചിത്രത്തിലെത്തിയ ഇന്ദ്രൻസിന് വലിയ കയ്യടികളാണ് തമിഴകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പലപ്പോഴും പൊതുവേദികളിൽ ഒരു സിനിമാതാരമെന്ന ജാഡകളിലാതെ പെരുമാറുന്ന ഇന്ദ്രൻസിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. മികച്ച നടൻ ആയിരുന്നിട്ടും ഇത്രയും വിനയത്തോടെ മനുഷ്യരോട് പെരുമാറുന്ന ഒരു വ്യക്തിയെ സിനിമ ഇൻഡസ്ട്രിയിൽ കാണാൻ കഴിയില്ല എന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ വരാറുണ്ട്. എന്നാൽ ഇന്ദ്രാസിന്റെ അതിവിനയം അഭിനയമാണെന്ന തരത്തിലുള്ള വിമർശനങ്ങളും പലപ്പോഴും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രൻസ്.
ചിലപ്പോൾ തന്റെ വിനയം അഭിനയമായിരുന്നിരിക്കാം എന്നാണ് ഇന്ദ്രൻസ് പറയുന്നത്. അന്നത്തെ തന്റെ കൊല്ലത്തിന് സിനിമയ്ക്ക് യോഗ്യമല്ലാത്ത രൂപമായിരുന്നുവെന്നും മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നുവെന്നും പറഞ്ഞ ഇന്ദ്രൻസ്, ഈ വിനയം ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായെന്നും കൂട്ടിച്ചേർത്തു.
"ആയിരിക്കും. എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്‍റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്‍റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, നില്‍ക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഒരുപക്ഷേ ഈ രീതി വന്നത്. പടിയിൽ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് കയറി കൂടിയതാണ് സിനിമയിൽ. അന്ന് ചിലപ്പോൾ അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. പക്ഷേ അത് ജീവിതത്തിന്റെ ഭാഗമായി. മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല." ഇന്ദ്രൻസ് പറയുന്നു. കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം.



