അന്തരിച്ച ഭര്‍ത്താവിനെ കുറിച്ച് സീരിയല്‍ താരം ഇന്ദുലേഖ.
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഇന്ദുലേഖ. ദൂരദർശൻ കാലം മുതലേ ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയതാണ് താരം. സീരിയലിന്റെ പിന്നണിയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഇന്ദുലേഖ. മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പല അന്യഭാഷാ സീരിയലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഇന്ദുലേഖയായിരുന്നു.
സംവിധായകന്‍ ആയിരുന്നു ശങ്കര്‍ കൃഷ്‍ണ ആണ് ഇന്ദുലേഖയുടെ ഭര്‍ത്താവ്. ഉണ്ണിമായ എന്നൊരു മകളും ഇവർക്കുണ്ട്. 11 വര്‍ഷം മുമ്പാണ് ആരോഗ്യകാരണങ്ങളെത്തുടർന്ന് ശങ്കര്‍ കൃഷ്‍ണ മരണപ്പെട്ടത്. ഭർത്താവിന്റെ മരണത്തോടെ തളർന്നുപോയ തന്നെ മോട്ടിവേറ്റ് ചെയ്‍ത് തിരികെ കൊണ്ടുവന്നത് സുഹൃത്തുക്കളാണ് എന്നാണ് ഇന്ദുലേഖ മുൻപ് പറഞ്ഞിട്ടുള്ളത്. വിവാഹത്തിന്റെ 25ാം വാർഷിക ദിനത്തിൽ ശങ്കറിനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇന്ദുലേഖ. ''ചില ബന്ധങ്ങളെ അളക്കുന്നത് ഒരുമിച്ച് ചിലവഴിച്ച വർഷങ്ങൾ കൊണ്ടല്ല, മറിച്ച് അത് അവശേഷിപ്പിക്കുന്ന സ്‌നേഹം കൊണ്ടും, അത് മാറ്റിമറിച്ച ജീവിതങ്ങൾ കൊണ്ടും, മനസില്‍ സൂക്ഷിക്കുന്ന ഓർമകൾ കൊണ്ടുമാണ്. സ്‌നേഹവും, ചിരിയും, സ്വപ്‍നങ്ങളും, പ്രതിസന്ധികളും, ഒരുപാട് നല്ല ഓർമകളും നിറഞ്ഞ ഒരു മനോഹരമായ ജീവിതയാത്രയാണ് ഇന്ന് ഞാന്‍ ആഘോഷിക്കുന്നത്. ഞങ്ങള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആശംസകള്‍'', എന്നാണ് ശങ്കറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ദുലേഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മൂന്നര വയസ്സു മുതൽ ഡാൻസ് പഠിക്കുന്ന ഇന്ദുലേഖ വളരെ യാദൃശ്ചികമായാണ് സീരിയൽ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത 'ഹീറോസ്' എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായി. എംബിഎ ബിരുദധാരിയായ ഇന്ദുലേഖ ഇടക്കാലത്ത് ചില ബാങ്കുകളിലും ജോലി ചെയ്‍തിരുന്നു.
