Asianet News MalayalamAsianet News Malayalam

'ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്', തോല്‍വിയിലും നര്‍മം കണ്ട ഇന്നസെന്റ്

ചാലക്കുടിയില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ കുറിച്ചും പിന്നീട് ഇന്നസെന്റ് പറഞ്ഞത് രസകരമായിട്ടായിരുന്നു.

 

Actor Innocent about his failure wih fun hrk
Author
First Published Mar 27, 2023, 12:15 AM IST

മലയാളത്തിന്റെ ചിരിയായിരുന്നു വര്‍ഷങ്ങളായി ഇന്നസെന്റ്. ഇന്നസെന്റിന്റ നോട്ടവും ഭാവവും സംഭാഷണ രീതിയുമെല്ലാം മലയാളികള്‍ക്ക് മന:പാഠവുമാണ്. വെള്ളിത്തിരയില്‍ മാത്രമായിരുന്നില്ല ഇന്നസെന്റിന്റെ ചിരി. ടെലിവിഷൻ പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലും പ്രസംഗങ്ങളിലുമെല്ലാം ഇന്നസെന്റ് ചിരി പറച്ചിലുകളുമായി കാണികളെ കയ്യിലെടുത്തു. എന്തും തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നു ഇന്നസെന്റ്. പേരിലുള്ള നിഷ്‍കളങ്കത സിനിമയ്‍ക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ഇന്നസെന്റ് ശ്രമിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് മനുഷ്യസഹജമായ അസൂയയും കുശുമ്പുമൊക്കെ തനിക്കുമുണ്ട് എന്ന് തുറന്നുപറയാൻ ഇന്നസെന്റ് മടി കാണിക്കാതിരുന്നത്.

ഒരിക്കല്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ തനിക്ക് തോന്നിയ കാര്യങ്ങളെ കുറിച്ച് ഇന്നസെന്റ് തുറന്നു പറഞ്ഞത് വളരെ രസകരമായിട്ടായിരുന്നു. ഒരിക്കല്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുകയാണ്. ഞാൻ ടിവിയിൽ അവാര്‍ഡ് പ്രഖ്യാപനം വളരെ ശ്രദ്ധയോടെ കാണുകയാണ്. നല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ് എന്നിവര്‍. ടിവിയുടെ സ്ക്രോളിൽ  മൂന്നു പേരുടെയും പേര് പോകുന്നുണ്ട്.  'പത്താംനിലയിലെ തീവണ്ടി' എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.

മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത്  മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. 'അമ്മ' സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ എന്നുമായിരുന്നു ഇന്നസെന്റ് ആ സംഭവത്തെ കുറിച്ച് പറഞ്ഞത്.

ചാലക്കുടിയില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ കാര്യത്തെ കുറിച്ചും ഇങ്ങനെ രസകരമായിട്ടായിരുന്നു ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലെ പ്രസംഗത്തില്‍ ഇന്നസെന്റ് ഓര്‍ത്തെടുത്തത്. എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്‍പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്‍പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.

എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.

അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.

ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ എന്നും ഇന്നസെന്റ് അന്ന് പറഞ്ഞു.

ജീവിതത്തില്‍ നേരിട്ട തോല്‍വിയും സങ്കടങ്ങളുമെല്ലാം ഇങ്ങനെ നര്‍മത്തില്‍ പൊതിഞ്ഞായിരുന്നു എന്നും ഇന്നസെന്റ് അവതരിപ്പിച്ചിരുന്നത്. സിനിമാ നടന്റെ വര്‍ണ ശബളമായ ജീവിത സാഹചര്യത്തിലും സാധാരണക്കാരനോട് ചേര്‍ന്നു നടക്കാൻ ഇന്നസെന്റിന് കഴിഞ്ഞതും അസാമാന്യമായ നര്‍മ ബോധം കൊണ്ടുമായിരുന്നു. ഇന്നസെന്റ് യാത്രയാകുമ്പോള്‍ സിനിമയിലെ ഒരു സുവര്‍ണ കാലഘട്ടം കൂടിയാണ് മറയുന്നത്. ഇന്നസെന്റിന്റെ ചിരി കഥാപാത്രങ്ങളും പ്രസംഗങ്ങളും മലയാളികളുടെ ഓര്‍മയില്‍ എന്നുമുണ്ടാകും.

Read More: നടൻ ഇന്നസെന്‍റ് അന്തരിച്ചു; പൊതുദർശനവും സംസ്കാരവും തിങ്കളാഴ്‍ച

Follow Us:
Download App:
  • android
  • ios