ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില്‍ സത്യനാണ്

ഇന്നസെന്‍റിനോളം മലയാളി സിനിമാപ്രേമിയെ പൊട്ടിച്ചിരിപ്പിച്ച അഭിനേതാക്കള്‍ അധികമില്ല. ഓര്‍ത്തുവെക്കാന്‍ ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച അദ്ദേഹത്തിന്‍റെ വിയോഗം മാര്‍ച്ച് 26 ന് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റേതായി ഒരു പുതിയ കഥാപാത്രം കൂടി പ്രേക്ഷകരിലേക്ക് എത്താനുണ്ട്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്താനിരിക്കുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇന്നസെന്‍റ് അഭിനയിച്ച അവസാന കഥാപാത്രം കടന്നുവരുന്നത്. 

വാസുമാമന്‍ എന്നാണ് ഇന്നസെന്‍റ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖില്‍ സത്യനാണ്. സിനിമയുടെ ടീസറും ട്രെയിലറും ഗാനവുമൊക്കെ ഇതിനകം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിലാണുള്ളത്. മധ്യവർഗ മലയാള സമൂഹത്തിന്‍റെ നേർക്കാഴ്ചകളൊപ്പിയെടുത്ത് സ്ക്രീനിലെത്തിച്ച സത്യൻ അന്തിക്കാടിന്‍റെ മകൻ ഒരുക്കുന്ന സിനിമയായതിനാൽ തന്നെ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സത്യൻ അന്തിക്കാടിന്‍റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഇന്നസെന്‍റ് എത്തിയിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കിലും ഏറെ പ്രാധാന്യമുള്ളൊരു വേഷമാണ് അദ്ദേഹത്തിനുള്ളത്.

ഫഹദും ഇന്നസെന്‍റും കൂടാതെ മുകേഷും നന്ദുവും ഇന്ദ്രൻസും അൽത്താഫും ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. ഫഹദിനെ ഏറെ നാളുകൾക്ക് ശേഷം കുസൃതിയൊളിപ്പിച്ചൊരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കുമെന്നാണ് പുറത്തിറങ്ങിയ ട്രെയിലറും ഗാനവുമൊക്കെ തരുന്ന സൂചന. ഒരു ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഉതുപ്പ് വള്ളിക്കാടനും സിനിമാ പ്രേക്ഷകർ നിറചിരിയോടെ ഓർക്കുന്ന കഥാപാത്രങ്ങളാണ്. വീണ്ടും ഫഹദും ഇന്നസെന്‍റും ഒരുമിച്ചെത്തുമ്പോൾ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയിലാണ്.

ഇന്ത്യൻ പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥനും ഞാൻ പ്രകാശനിലെ പ്രകാശനും തൊണ്ടിമുതലിലെ പ്രസാദിനും കാര്‍ബണിലെ സിബിക്കുമൊക്കെ ശേഷം നര്‍മ്മരസപ്രധാനമായൊരു കഥാപാത്രമായി ഫഫ എത്തുന്ന സിനിമ കൂടിയാവും പാച്ചുവും അത്ഭുത വിളക്കും. സത്യൻ അന്തിക്കാടിന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാൾകൂടിയാണ് അഖില്‍ സത്യൻ. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും അഖിൽ മുമ്പ് സംവിധാനം ചെയ്‍തിട്ടുണ്ട്.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത്ത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ALSO READ : ജയറാം തന്നെയോ ഇത്!? അമ്പരപ്പിക്കും മേക്കോവറില്‍ 'കാളാമുഖനാ'യി പൊന്നിയിന്‍ സെല്‍വന്‍ 2 ല്‍

Pachuvum Athbutha Vilakkum - Official Trailer | Fahadh Faasil | Akhil Sathyan | Full Moon Cinema