ഇതുവരെയുള്ള 'സിബിഐ' ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി അവതരിപ്പിച്ച കഥാപാത്രം (CBI The Brain).

മമ്മൂട്ടി നായകനായ പുതിയ ചിത്രം 'സിബിഐ ദ ബ്രെയിൻ' നാളെ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. .മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ മമ്മൂട്ടി ചിത്രം 'സിബിഐ 5 ദ ബ്രെയിനി'ലെ ജഗതിയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പുറത്തുവിട്ടിരിക്കുകയാണ് (CBI The Brain).

ഇതുവരെയുള്ള 'സിബിഐ' ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. 'വിക്രം' എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമില്‍ ഉണ്ടായിരുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. അടുത്തിടെയായിരുന്നു ജഗതി ചില സിനിമകളില്‍ അഭിനയിച്ചുതുടങ്ങി 'സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 'സിബിഐ' പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും ജഗതി സിബിഐ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജഗതിയുടെ ഒരു ഹിറ്റ് കഥാപാത്രത്തെ വീണ്ടും സ്‍ക്രീനില്‍ കാണാനാവുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. 'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് സിനിമകള്‍ക്ക് പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്‍തത്.

'സിബിഐ' സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പി'ന് 34 വര്‍ഷം തികഞ്ഞ വേളയില്‍ സംവിധായകന്‍ മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 'സേതുരാമയ്യർ' തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് 'സിബിഐ' പരമ്പരയിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് 'സിബിഐ' പരമ്പരയിൽ നിന്ന് മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു.

ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌ ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി 'സിബിഐ'യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.

ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌ എൻ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, 'സിബിഐ' അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ സ്വർഗ്ഗചിത്ര അപ്പച്ചൻ, 'സിബിഐ' ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ.

Read More : 'ആ 20 മിനിറ്റിലുണ്ട് എല്ലാ സംശയങ്ങള്‍ക്കും ഉത്തരം', 'സിബിഐ 5' ട്രെയിലര്‍

ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എന്റെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം കൃഷ്‍ണൻ നായർ സാറിനെയും സാഷ്‍ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌. സ്‍നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം" എന്നായിരുന്നു അദ്ദേഹം കുറിച്ചത്.