'വിട പറഞ്ഞിട്ട് 16 വര്‍ഷങ്ങള്‍, പക്ഷേ അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടും'
"സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ"

ചെറു കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥിരസാന്നിധ്യമായിരുന്ന ഒരുപിടി അഭിനേതാക്കളുണ്ട്. അവരുടെ പേര് അറിയാത്തവര്‍ക്കുപോലും അവരവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് കേട്ടാല്‍ ഒരു നൊടിയിടയില്‍ മനസിലാവും. അക്കൂട്ടത്തില്‍ പെടുത്താവുന്ന അഭിനേതാക്കളില്‍ ഒരാളായിരുന്നു ജെയിംസ് ചാക്കോ. ഈ പേര് കേട്ടാല്‍ ആരെന്ന് ആലോചിക്കുന്ന സിനിമാപ്രേമികളോട് മീശമാധവനിലെ പട്ടാളം പുരുഷു എന്ന് പറഞ്ഞാല്‍ വേഗത്തില്‍ മനസിലാവും. ഇപ്പോഴിതാ ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പില്‍ ഇട്ട കുറിപ്പ് ശ്രദ്ധ നേടുകയാണ്. ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും ജെയിംസ് ഈ ലോകത്തില്ല എന്ന് പറയുമ്പോഴും ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ടെന്ന് മകന്‍ പറയുന്നു.
ജിക്കു ജെയിംസിന്‍റെ കുറിപ്പ്
ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രയുമായിട്ടും മലയാളികളുടെ മനസിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ട് 16 കൊല്ലം ആയെങ്കിലും ആളുകളുടെ മനസിൽ മായാതെ കിടക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വർഗത്തിൽ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാൻ. ലവ് യു അപ്പാ.
പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലെത്തിയ ജെയിംസ് ചാക്കോ പിന്നീട് നെടുമുടി വേണുവിന്‍റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം സിനിമയില്‍1 സജീവമായിരുന്ന ജെയിംസ് ചാക്കോ 150 ല്‍ ഏറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്. മീശമാധവനൊപ്പം ന്യൂഡല്‍ഹി, പത്രം, ഒരു മറവത്തൂര്‍ കനവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയ ചിത്രങ്ങള്‍.