സമീപകാലത്ത് തനിക്കെതിരെ ഉയർന്ന ട്രോളുകളിൽ പ്രതികരണവുമായി നടൻ ജയറാം. വർഷങ്ങൾക്കുമുമ്പുള്ള കാര്യമായതിനാൽ ഓർമ്മയില്ലെന്നും, വിനയം മാറ്റാനാവാത്ത സ്വാഭാവിക ശൈലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾക്ക് പാത്രമായ ആളാണ് നടൻ ജയറാം. ട്വന്റി ട്വന്റി സിനിമയുടെ ക്ലൈമാക്സിൽ താൻ ഇല്ലാത്തത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് തമിഴിലും മലയാളത്തിലും വെവ്വേറെ മറുപടികൾ നൽകിയതാണ് ട്രോളുകൾക്ക് കാരണമായത്. പിന്നീട് നടന്റെ പഴയകാര്യങ്ങളും വിനയത്വവും എല്ലാം കുത്തിപ്പൊക്കി ട്രോളുകളും വിമർശനങ്ങളും വന്നു. ഇപ്പോഴിതാ വീട്ടിൽ മകളുടെ ട്രോൾ വച്ച് നോക്കുമ്പോൾ പുറത്തുള്ളതൊന്നും ഒന്നുമല്ലെന്ന് പറയുകയാണ് ജയറാം.
ഇരുപത് വർഷം മുൻപത്തെ സിനിയാണതെന്നും എന്തിന് വേണ്ടിയാണ് അന്ന് പോയതെന്ന് ഓർമയില്ലെന്നും ജയറാം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിനയം തന്റെ സ്ഥായിയായ കാര്യമാണെന്നും എത്ര ബലം പിടിച്ചാലും അത് മാറ്റാൻ സാധിക്കില്ലെന്നും ജയറാം പറയുന്നു.
"സാധാരണ ആളുകൾ ഫേസ് ചെയ്യുന്നത് ജാടയാണ്, അഹംഭാവം ആണെന്നൊക്കെ ഉള്ള കാര്യങ്ങളാണ്. വിനയത്തിന്‍റെ പേരില്‍ ആദ്യമായിട്ടാണ് ഞാൻ പഴി കേള്‍ക്കുന്നത്. എന്‍റെ സ്ഥായിയായ കാര്യമാണത്. എനിക്കത് മാറ്റാന്‍ പറ്റില്ല. ഒരാളോട് സംസാരിക്കുമ്പോള്‍ എത്ര ബലം പിടിച്ചിരുന്നാലും എന്നെ കൊണ്ട് പറ്റില്ല. അങ്ങനെ സംസാരിക്കാന്‍ അറിയില്ല. എന്‍റെ ശീലങ്ങള്‍ അങ്ങനെ ആയിപ്പോയി. ആര്‍ട്ടിഫിഷ്യലായിട്ടൊരു ഫേസ് പിടിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ട്രോളാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കാന്‍ ഞാന്‍ മാക്സിമം ശ്രമിക്കാറുണ്ട്. എല്ലാവരും എന്നെ കളിയാക്കുന്നു. അതുകൊണ്ട് അഭിനയമൊക്കെ നിര്‍ത്തി പോകുവാണെന്നൊന്നും പറയാന്‍ പറ്റില്ല. കാരണം കഴിഞ്ഞ 38 വര്‍ഷമായി ഈ ജോലിയാണ് ചെയ്യുന്നത്", എന്ന് ജയറാം പറഞ്ഞു.
"അടുത്തിടെ വന്ന ട്രോള്‍. പത്ത് ഇരുപത് വര്‍ഷം മുന്‍പ് നടന്നൊരു സിനിമയാണത്. സത്യം പറഞ്ഞാല്‍ എന്തിനാണ് അന്ന് പോയതെന്ന് എനിക്കെ ഓര്‍മയില്ല. എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അതില്‍ വര്‍ക്ക് ചെയ്തവരുമായും ഞാന്‍ ചോദിച്ചു. അവര്‍ക്കും ഓര്‍മയില്ല. മറവികള്‍ വരുന്നത് പ്രായാധിക്യം കൊണ്ടാകാം. മനഃപൂര്‍വ്വം അല്ല. വെറൊന്ന് എന്‍റെ അമ്മ കുംഭകോണം ആണ്. സിറകുടി എന്നൊരു ചെറിയ ഗ്രാമത്തിലാണ് അമ്മ. അച്ഛന്‍ പാലക്കാട് ആണ്. താരാക്കാട് ഗ്രാമത്തില്‍. ഗ്രാന്‍റ്ഫാദറൊക്കെ പെരുമ്പാവൂരാണ്. ഞാന്‍ വളര്‍ന്നതും പഠിച്ചതുമൊക്കെ അവിടെയാണ്. അമ്മ തമിഴ് ആണ് സംസാരിക്കുക. അവര്‍ക്കൊപ്പം തമിഴ് തന്നെയാണ് ഞാന്‍ സംസാരിക്കുണ്ടായിരുന്നതും. ഞാന്‍ സത്യമാണ് പറഞ്ഞത്. കഴിഞ്ഞ 32 വര്‍ഷമായിട്ടിപ്പോള്‍ മദ്രാസിലാണ്. ജോലിയ്ക്ക് വേണ്ടി പോയി പിന്നീട് ചെന്നെക്കാരനായി. പെരുമ്പാവൂരില്‍ വീടും കാര്യങ്ങളുമൊക്കെ ഉണ്ട്. മകൾ ട്രോൾ വച്ച് നോക്കുമ്പോൾ പുറത്തുള്ളതൊന്നും ഒന്നുമല്ല", എന്നും ജയറാം കൂട്ടിച്ചേർത്തു.



