'സൂര്യഗായത്രി'യിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച നടൻ അനു ആനന്ദിന്റെ മകൾ ആദിത്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് ആദിത്യയുടെ സിനിമാപ്രവേശം.
ചില നടന്മാർ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അവരുടെ മുഖം പ്രേക്ഷകരുടെ മനസിലങ്ങനെ കിടക്കും. പ്രത്യേകിച്ച് പഴയകാല താരങ്ങൾ. അക്കൂട്ടത്തിലൊരാളാണ് നടൻ അനു ആനന്ദ്. ഒരുപക്ഷേ പേര് കേട്ടാൽ മനസിലാകണമെന്നില്ല. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച താരം. അതാണ് അനു ആനന്ദ്. ഒരുകാലത്ത് നെഗറ്റീവ് റോളുകളും മകൻ, അനുജൻ വേഷങ്ങളും ചെയ്ത് മലയാള സിനിമയിൽ തിളങ്ങിയ അനുവിന്റെ മകൾ ആദിത്യ ലക്ഷ്മി വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് ആദിത്യയും ബിഗ് സ്ക്രീനിൽ തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്.
തുടക്കം സിനിമയുടെ പൂജ വേളയിൽ തന്റെ മകളെ നെഞ്ചോട് ചേർത്ത മോഹൻലാലിന്റെയും കുടുംബത്തിന്റേയും ഫോട്ടോ അടക്കം പങ്കുവച്ച് തന്റെ സന്തോഷം അനു ആനന്ദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. "മാതാപിതാക്കൾ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷം ! മായ മോഹൻലാലിനും മഹാനായ ഇതിഹാസത്തിനുമൊപ്പം തുടക്കം സിനിമയുടെ പൂജയിൽ എന്റെ മകളും തിളങ്ങി. മനോഹരമായ മലയാള സിനിമയിൽ അവളുടെ യാത്ര ആരംഭിക്കുന്നത് കാണുമ്പോൾ ഞാൻ ഏറെ സന്തോഷവാനാണ്. ചിത്രത്തിലെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എല്ലാ വിജയാശംസകളും നേരുകയാണ്. വെള്ളിത്തിരയിലെ മായാജാലം കാണാനായി ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നു", എന്നായിരുന്നു അനു ആനന്ദിന്റെ വാക്കുകൾ.
‘രാക്കുയിലിൻ രാഗസദസ്സിൽ’ എന്ന സിനിമയിലൂടെ ആണ് അനു ആനന്ദ് സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയുടെ മകനായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് സർവകലാശാല, ചതുരംഗം, സാഗർ ഏലിയാസ് ജാക്കി തുടങ്ങി നിരവധി സിനിമകളിൽ അനു ആന്ദ്, മോഹൻലാലിനൊപ്പം അഭിനയിച്ചു. സൂര്യഗായത്രി എന്ന സിനിമയാണ് അനുവിന് കരിയർ ബ്രേക്ക് നൽകിയത്.
ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഓഗസ്റ്റ് ഏഴിന് ചിത്രം തിയറ്ററിൽ എത്തും. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയിയുടേതാണ് സംഗീതം.



