കോഴിക്കോട്: സംവിധായകൻ വി എ ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി വ്യക്തിപരമായതെന്ന് നടൻ ജോയ് മാത്യു. തന്നോട് ഇവരിൽ ആരെങ്കിലും പരാതി പറഞ്ഞാൽ ഇടപെട്ടേനെയെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു.

സിനിമാലോകത്തെ പരാതികൾക്ക് പല കാരണങ്ങളുമുണ്ടാകാം. ഗ്ലാമറിന്‍റെ ലോകമാണ് സിനിമ. അതുകൊണ്ടുതന്നെ ചില പരാതികൾക്ക് കൂടുതൽ പ്രാധാന്യം കിട്ടും. ചില പരാതികൾ മാനസികരോഗം കൊണ്ടും, ചില പരാതികൾ വാർത്തകൾക്ക് വേണ്ടിയുമാണെന്നാണ് ജോയ് മാത്യു പറയുന്നത്. 

അവർ തമ്മിലുള്ള പ്രശ്നം അവർ തന്നെ ഇടപെട്ട് തീർക്കുമെന്നാണ് കരുതുന്നത്. നവ മാധ്യമങ്ങൾ വന്ന ശേഷം ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജുവാര്യര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ടു പരാതി നൽകിയിരുന്നു.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് താന്‍ ഭയപ്പെടുന്നതായി പരാതിയില്‍ മഞ്ജുവാര്യര്‍ പറയുന്നു. തന്നെ നിരന്തരം അപമാനിക്കുന്ന ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു പറയുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്. 

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്. മ‍ഞ്ജുവാര്യര്‍ പരാതിക്കൊപ്പം വിവിധ രേഖകളും കൈമാറിയതായാണ് വിവരം. 

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പല പ്രൊജക്ടുകളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിക്കുന്നുണ്ട്. ഒടിയന് ശേഷം തനിക്ക് നേരെ നടക്കുന്ന ഗൂഢാലോചനയില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തിനും പങ്കുണ്ട്. ഇവരുടെ സൗഹൃദം തെളിയിക്കുന്ന ചില ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും താനുമായി അടുപ്പമുള്ളവരെ ബന്ധപ്പെട്ടതിന്‍റെ ടെലിഫോണ്‍ രേഖകളും മഞ്ജു ഡിജിപിക്ക് കൈമാറി എന്നാണ് വിവരം.

മഞ്ജു തന്നെ എഴുതി നല്‍കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി എന്ന് പറയുന്നതോടെ മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന വിവാദമായി ഇത് മാറുകയാണ്.

ഇതേ പരാതിയുമായി മഞ്ജു വാര്യർ അമ്മയും ഫെഫ്കയുമുൾപ്പടെയുള്ള ചലച്ചിത്ര സംഘടനകളെയും സമീപിച്ചിരുന്നു. എന്നാൽ ശ്രീകുമാർ മേനോൻ ഈ സംഘടനകളിലൊന്നും അംഗമല്ലാതിരുന്നതിനാൽ വിശദീകരണം ചോദിക്കാനാകില്ലെന്നും പരിമിതികളുണ്ടെന്നുമായിരുന്നു ഫെഫ്കയുടെ പ്രതികരണം.