എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ അദ്ദേഹം, 1977 ലെ സംഗമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇത് നല്ല സിനിമ തമാശ എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തൃശ്ശൂരിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്കാരം നാളെ നടക്കും.

.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു. താരത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്