മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തിയ ചിത്രമാണ് അസുരൻ. വെട്രിമാരനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും പ്രശംസ ലഭിച്ചു. ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച് കമല്‍ഹാസൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് കമല്‍ഹാസൻ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

പച്ചൈമ്മാള്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചത്. ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകൻ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രം കരുത്തുറ്റതാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു.  കുടുംബത്തിന്റെ നെടുംതൂണാണ്. തമിഴ്‍നാട്ടിലെ അടിച്ചമര്‍ത്തപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളാണ് അവര്‍. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ഞാൻ ചെയ്‍തിട്ടില്ല. തമിഴകത്തിലെ സിനിമ അഭിനയം എനിക്ക് പുതുമയുള്ളതാണ്. സ്‍നേഹവും കരുതലും നല്‍കിയ ടീം അംഗങ്ങളോട് നന്ദി- മഞ്ജു വാര്യര്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്.