Asianet News MalayalamAsianet News Malayalam

'സ്‌നേഹിതാ, ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു, പക്ഷെ...'

''എന്റെ പ്രജ്ഞയറ്റു, കണ്ണുകള്‍ കര കവിഞ്ഞു. ശബ്ദം തൊണ്ടയില്‍ കുരുങ്ങിനിന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം...'' ശബരീനാഥിന്റെ വിയോഗത്തില്‍ കിഷോര്‍ സത്യ
 

Actor kishore sathya remmbers sabarinath
Author
Kochi, First Published Sep 18, 2020, 9:24 AM IST

സീരിയല്‍ താരം ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ശബരീനാഥിന്റെ അവസാനിമിഷങ്ങളില്‍ ആശുുപത്രിയിലുണ്ടായിരുന്ന കിഷോര്‍ സത്യ അദ്ദേഹത്തെ സ്മരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. ''ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു....പക്ഷെ ഈ സത്യം തിരിച്ചറിയാന്‍ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ സാധിക്കും'' - കിഷോര്‍ സത്യ കുറിച്ചു.

കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ രാത്രി 9 മണിയോടെ ദിനേശേട്ടന്‍(ദിനേശ് പണിക്കര്‍)ഫോണ്‍ വിളിച്ചു പറഞ്ഞു. സാജന്‍(സാജന്‍ സൂര്യ) ഇപ്പോള്‍ വിളിച്ചു ഷട്ടില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ശബരി കുഴഞ്ഞുവീണു ടഡഠ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന്. സാജന്‍ കരയുകയായിരുന്നു വെന്നുംദിനേശേട്ടന്‍ പറഞ്ഞു
ഞാന്‍ സാജന്‍ വിളിച്ചു. കരച്ചില്‍ മാത്രമായിരുന്നു മറുപടി. കരയരുത്, ഞാന്‍ ഇപ്പൊ ആശുപത്രിയിലേക്ക് വരാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ദിനേശേട്ടനും അങ്ങോട്ടേക്ക് എത്താമെന്നു പറഞു.
പെട്ടന്ന് റെഡി ആയി ഹോസ്പിറ്റലില്‍ എത്തി. സാജനെ വിളിച്ചപ്പോള്‍ ശബരിയുടെ കുടുംബത്തെ വീട്ടിലാക്കാന്‍ പോയ്‌കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. സാജന്റെ ശബ്ദം ആശ്വാസം നല്‍കി. എമര്‍ജന്‍സിയില്‍ 3-4 ചെറുപ്പക്കാരെ കണ്ടു. അപ്പുറത്ത് നില്‍ക്കുന്നയാള്‍ ശബരിയുടെ സഹോദരന്‍ ആണെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് സ്വയം പരിചയപ്പെടുത്തി.
വീട്ടിനടുത്തുള്ള കോര്‍ട്ടില്‍ കളിക്കുകയായിരുന്നു. പെട്ടന്നൂ ഒരു ക്ഷീണം പോലെ തോന്നി. സൈഡിലേക്ക് മാറിയിരുന്നു. ഇത്തിരി കഴിഞ്ഞ് വീണ്ടും കളിക്കാനായി എണീറ്റയുടന്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് പറഞ്ഞു.
ആശുപത്രിയില്‍ എത്തിയല്ലോ എന്ന ആശ്വാസത്തില്‍ ഇപ്പോള്‍ എങ്ങനെയുണ്ട് എന്ന് എന്റെ ചോദ്യത്തിന് 'ശബരി പോയി' എന്നായിരുന്നു മറുപടി. എന്റെ പ്രജ്ഞയറ്റു, കണ്ണുകള്‍ കര കവിഞ്ഞു. ശബ്ദം തൊണ്ടയില്‍ കുരുങ്ങിനിന്നു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. കാരണം ഫിറ്റ്‌നസ്, ആഹാരം, ജീവിതശൈലി, ചിന്തകള്‍, കാഴ്ചപ്പാടുകള്‍ ഇതിലൊക്കെ ശബരി ഒരു പടി മുന്നിലായിരുന്നു. അങ്ങനൊരാള്‍ക്ക് കാര്‍ഡിയക് അറസ്റ്റ് ഉണ്ടാവുമെന്ന് വിദൂര സ്വപ്നത്തില്‍ പോലും നാം ചിന്തിക്കില്ലല്ലോ.
അപ്പോഴേക്കും ദിനേശേട്ടനും എത്തി.
പിന്നാലെ നടന്മാരായ ശരത്, അനൂപ് ശിവസേവന്‍, അനീഷ് രവി, ഷോബി തിലകന്‍, അഷ്റഫ് പേഴുംമൂട്, ഉമ്മ നായര്‍ ടെലിവിഷന്‍ രംഗത്തെ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ അങ്ങനെ നിരവധി പേര്‍
അവിശ്വനീയമായ ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ നിരവധി ഫോണ്‍ കോളുകള്‍. കാലടി ഓമന, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സുമേഷ് ശരണ്‍, ഇബ്രാഹിംകുട്ടി, റൃ.ഷാജു നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അങ്ങനെ പലരും.... ഞങ്ങളില്‍ പലരുടെയും ഫോണിന് വിശ്രമമില്ലാതായി
ജീവിതം എത്ര വിചിത്രവും അപ്രതീക്ഷിതവുമാണ്....
അല്ലെങ്കില്‍ 50 വയസുപോലും തികയാത്ത ഫിറ്റ്‌നസ് ഫ്രീക് ആയ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ വിടപറയുമോ....
മനസ്സില്‍ ശബരിയുടെ പ്രിയതമയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരുന്നു... ഒപ്പം ശബരിയുടെ പ്രിയമിത്രം സാജന്റെയും...
അല്പം കഴിഞ്ഞ് സാജന്‍ വീണ്ടുമെത്തി. അപ്പോഴേക്കും സാജന്‍ സമനില വീണ്ടെടുത്തിരുന്നു. യഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടിട്ടുണ്ടാവണം.... ആശുപത്രിയില്‍ എത്തിയിട്ട് ഞാന്‍ ശബരിയെ കണ്ടിരുന്നില്ല അല്ലെങ്കില്‍ അതൊന്നും മനസിലേക്ക് തോന്നിയില്ല എന്ന് പറയുന്നതാവും ശരി. ശബരിയെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനു മുന്‍പാണെന്നു തോന്നുന്നു കാണണമെങ്കില്‍ ഇപ്പോള്‍ കണ്ടോളു എന്ന് ആരോ വന്നു പറഞ്ഞു. ആശുപത്രിയിലെ ഇടനാഴിയില്‍
വെള്ളത്തുണിയില്‍ പുതപ്പിച്ച ശബരി ചെറു പുഞ്ചിരിയോടെ സ്ട്രെചറില്‍ ഉറങ്ങികിടക്കുന്നു......
സ്‌നേഹിതാ.... ഭൂമിയിലെ സന്ദര്‍ശനം അവസാനിപ്പിച്ചു നിങ്ങള്‍ മടങ്ങി എന്ന് ഞാനും തിരിച്ചറിയുന്നു....പക്ഷെ ഈ സത്യം തിരിച്ചറിയാന്‍ നിങ്ങളുടെ പ്രിയതമക്കും കുഞ്ഞുങ്ങള്‍ക്കും എങ്ങനെ സാധിക്കും.... അഥവാ അവര്‍ക്കത്തിനു എത്രകാലമെടുക്കും..... അറിയില്ല......
അതിന് അവര്‍ക്ക് മനശക്തി കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ നമ്മളെക്കൊണ്ട് പറ്റൂ.....

ശബരി, സുഹൃത്തേ.... വിട....

Read More: ഷൂട്ടിംഗ് കാണാനെത്തി പകരക്കാരനായി സീരിയലിലേക്ക്, മിന്നുകെട്ടില്‍ തുടങ്ങിയ ശബരീനാഥിന്റെ അഭിനയ ജീവിതം 

Read More : സീരിയൽ താരം ശബരീനാഥ് അന്തരിച്ചു
 

Follow Us:
Download App:
  • android
  • ios