തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നുവെന്നത് ഉറപ്പായ കാര്യമാണെന്ന് നടന്‍ കൃഷ്ണകുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പരസ്യ പ്രാചരണവുമായി രംഗത്തെത്തിയിരുന്ന നടന്‍ തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങ്ങളും നേര്‍ന്നു.

എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്.  പാർലിമെന്റിൽ  2 സീറ്റിൽ  നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുമെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കുമെന്നും എല്ലാം അയ്യപ്പ സ്വാമി നോക്കിക്കോളുമെന്നുമായിരുന്നു ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം കോർപറേഷൻ ജയിച്ച ഇടതുപക്ഷ മുന്നണിക്ക് അഭിനന്ദനങ്ങൾ. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച എന്‍ഡിഎ മുന്നണിക്കും അഭിനന്ദനങ്ങൾ. യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ല.  കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന എന്‍ഡിഎ മികച്ച പ്രകടനത്തിലൂടെഅത് 35 സീറ്റാക്കി ഉയർത്തി. ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ എന്‍ഡിഎയുടെ,  പ്രത്യകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി.  

ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബിജെപിയുടെ  മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് എന്‍ഡിഎയുടെ എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുള്ള മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രായത്നിക്കുക. 

നമ്മുടെ സഹോദരി  ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ് . ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോർക്കുക. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്.  പാർലിമെന്റിൽ  2 സീറ്റിൽ  നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുക. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും