ഒടിടിയില്‍ അഭിപ്രായം മാറുമോയെന്നറിയാൻ ഇനി ദിവസങ്ങള്‍ മാത്രം.

പ്രഭാസ് നായകനായി വന്ന ചിത്രമാണ് ദ രാജാ സാബ്. ദ രാജാ സാബ് ആദ്യ ദിവസം 100 കോടിയിലധികം കളക്ഷൻ നേടിയെങ്കില്‍ നാലാം ദിവസമാകുമ്പോഴേക്ക് ആഗോള നേട്ടം 201 കോടി രൂപയാണ്. എന്നാല്‍ പിന്നീട് കളക്ഷനില്‍ കാര്യമായ കുതിപ്പ് തുടരാൻ രാജാ സാബിന് ആയിരുന്നില്ല. ഇപ്പോഴിതാ രാജാ സാബ് ഒടിടിയില്‍ സ്‍ട്രീമിംഗിന് എത്തുമ്പോള്‍ നിര്‍ണായക തീരുമാനമെടുത്തിരിക്കുകയാണ് നിര്‍മാതാക്കള്‍ എന്നാണ് തെലുങ്ക് 123 റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

മൂന്ന് മണിക്കൂറിലധികമായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റണ്ണിംഗ് ടൈം. ആരാധകരുടെ ആവശ്യം പരിഗണിച്ച് ചിത്രത്തിന്റെ റണ്ണിംഗ് ടൈം കുറിച്ചിരുന്നു. ഒടിടിയില്‍ എത്തുമ്പോള്‍ കുറച്ച് കൂടി ട്രിം ചെയ്‍ത് ലാഗ് ഒഴിവാക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനമെടുത്തിരിക്കുന്നത്. ഷാര്‍പ്പര്‍ ആയിട്ടുള്ള ഒരു സിനിമ ഒടിടിയില്‍ അവതരിപ്പിക്കാനാണ് രാജാ സാബിന്റെ നിര്‍മാതാക്കള്‍ തീരുമാനമെടുത്തിരിക്കുന്തന്.

ദ രാജാ സാബ് 350 കോടി രൂപയുടെ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ജിയോ ഹോട് സ്റ്റാറാണ് ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് 160 കോടി രൂപയ്‍ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രവരി ആറ് മുതലാണ് ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിക്കുക.

മാരുതിയാണ് പ്രഭാസ് നായകനായ ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ്. ഏറെക്കാലത്തിന് ശേഷം കോമഡി ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ രാജാ സാബ്. ആക്ഷൻ ഹൊറര്‍ കോമഡി ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരം മാളവിക മോഹനനാണ് ദ രാജാ സാബിലെ നായിക. സഞ്‍ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍, സറീന വഹാബ്, സമുദ്രക്കനി, വെന്നേലെ കിഷോര്‍, ബ്രഹ്‍മാനന്ദൻ, വിടിവി ഗണേഷ്, സത്യ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക