സര്‍വ്വം മായയിലെ രഹസ്യം വെളിപ്പെടുത്തി.

നിവിൻ പോളിയുടെ വൻ തിരിച്ചുവരവാണ് സര്‍വ്വം മായയിലൂടെ സംഭവിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയിലേറേ സര്‍വ്വം മായ ഇതിനകം നേടിക്കഴിഞ്ഞു. ഒടിടിയിലും മികച്ച അഭിപ്രായവുമായി ചിത്രം സ്‍ട്രീമിംഗ് തുടരുകയാണ്. നിരീശ്വരവാദിയായ ഒരു ചെറുപ്പക്കാരനും ഒരു പ്രേതവും തമ്മിലുള്ള സൗഹൃദമാണ് സര്‍വ്വം മായയുടെ പ്രധാന കഥാ തന്തു. ഇമോഷണലായി കണക്റ്റ് ആകുന്ന ഒറ്റനവധി സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്. ഡെലുലു എന്ന പ്രേതം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡാണ്. ഇപ്പോഴിതാ സര്‍വ്വം മായയിലെ ചില സന്ദര്‍ഭങ്ങള്‍ യഥാര്‍ഥ ജീവിത്തില്‍ നടന്ന സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒടിടിപ്ലേയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ അഖില്‍ സത്യൻ.

മായ മാത്യു എന്ന ഡെലുലുവിനോട് സഹോദരൻ ഗുഡ് ബൈ (യെസ്) പറയുന്ന രംഗമാണ് സര്‍വ്വം മായയിലെ പ്രധാന ഇമോഷണല്‍ രംഗം. തുടര്‍ന്നാണ് ഡോക്ടേഴ്‍സ് മായാ മാത്യുവിന്റെ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത്. സമാനമായ സന്ദര്‍ഭവും അനുഭവവും തങ്ങളുടെ അടുത്ത കുടുംബ സുഹൃത്ത് നേരിടേണ്ടി വന്നതാണ് എന്നാണ് അഖില്‍ സത്യൻ വെളിപ്പെടുത്തിയിരിക്കുന്നത്. കോമയിലുള്ള ഒരാളുടെ ജീവൻ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാൻ കുട്ടിയോട് അനുവാദം ചോദിക്കേണ്ടി വരികയാണ്. സഹിക്കാൻ പറ്റാത്ത വേദനയാണ് അത്. ആ ട്രോമാറ്റിക് സംഭവം ഒരിക്കലും ഞാൻ മറക്കില്ല. ആ സംഭവമാണ് സര്‍വം മായയിലും അതുപോലെ ഒരു രംഗം ഉപയോഗിക്കാൻ തനിക്ക് പ്രചോദനമായത് എന്നും അഖില്‍ സത്യൻ പറയുന്നു. സാങ്കല്‍പ്പിക കഥകള്‍ എഴുതാൻ താൻ അത്ര മികച്ചവനല്ല എന്നും സൂചിപ്പിക്കുന്ന അഖില്‍ സത്യൻ താൻ കണ്ട മനുഷ്യരോ അല്ലെങ്കില്‍ സന്ദര്‍ഭങ്ങളോ പ്രചോദനമായി സ്വീകരിക്കാറുണ്ട് എന്നും വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്‍ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്, പിആർഓ: ഹെയിൻസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക