ഒക്ടോബർ അഞ്ചിനാണ് ചാവേർ തിയറ്ററുകളിൽ എത്തിയത്.

രുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന് മലയാളികൾ ഒന്നാകെ വിളിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ ഇന്നത് മാറി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തനിക്ക് പ്രണയ നായകൻ ആകാൻ മാത്രമല്ല, കലിപ്പനാകാനും സാധിക്കുമെന്ന് ഉറപ്പിക്കുകയാണ്. അത്തരത്തിൽ സമീപകാലത്ത് നിരവധി കഥാപാത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ എത്തി. ചാവേർ എന്ന ചിത്രമായിരുന്നു ഇക്കൂട്ടത്തിൽ അവസാനത്തേത്. ടിനു പാപ്പൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെ​ഗറ്റീവ് ഷെയ്ഡുള്ള അശോകൻ എന്ന കഥാപാത്രത്തെ ആണ് കുഞ്ചാക്കോ അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് തിയറ്ററിൽ എത്തിയ ചിത്രത്തിന് ഡി​ഗ്രേഡിങ്ങുകൾ നടക്കുന്നുണ്ടെന്ന ചർച്ചകളും സജീവമാണ്. ഈ അവസരത്തിൽ കുഞ്ചക്കോ ബോബൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയിൽ നല്ലതാണെന്ന് കുഞ്ചാക്കോ പറയുന്നു. അമിത പ്രതീക്ഷയില്ലാതെ ആൾക്കാർ വരുമെന്നും അങ്ങനെ വരുന്നവർക്ക് സിനിമ ഇഷ്ടമാകുന്നുണ്ടെന്നും നടൻ പറഞ്ഞു. ചാവേർ പ്രൊമോഷന്റെ ഭാ​ഗമായി തിയറ്ററിൽ എത്തിയപ്പോഴായിരുന്നു കുഞ്ചാക്കോയുടെ പ്രതികരണം. 

"നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഫുൾ ഓൺ ആക്ഷൻ പടം എന്നതിനെക്കാൾ, ഇമോഷണൽ അറ്റാച്ച്മെന്റുള്ള സിനിമ ആയാണ് ചാവേറിനെ ആൾക്കാർ കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ കുടുംബ പ്രേക്ഷകർ കയറി തുടങ്ങിയിട്ടുണ്ട്. അവരിൽ നിന്നും നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയിൽ നല്ലതാണ്. കാരണം അമിത പ്രതീക്ഷയില്ലാതെ ആൾക്കാർ വരും. അങ്ങനെ വരുന്നവർക്ക് സിനിമ ഇഷ്ട്ടമാവുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ ഇപ്പോൾ തിയറ്ററിൽ വന്നിരിക്കുന്നത്. അല്ലെങ്കിൽ ഒരിക്കലും ധൈര്യപൂർവ്വം ഇങ്ങനെ, ഇതിലും വലിയ തൊലിക്കട്ടിയോടെ നമുക്ക് വരാൻ സാധിക്കില്ല. ഡീ​ഗ്രേഡിങ്ങിന് അപ്പുറമുള്ള പ്രേക്ഷകരെ നമുക്ക് ലഭിക്കുമെന്ന വിശ്വാസം ഉണ്ട്", എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

'ഐ ആം കാതലൻ'; നസ്‌ലെന് ഇനി പുതിയ തുടക്കം

ഒക്ടോബർ അഞ്ചിനാണ് ചാവേർ തിയറ്ററുകളിൽ എത്തിയത്. രാഷ്ട്രീയത്തിന്റെ മറവിൽ നടക്കുന്ന കൊലപാതങ്ങളെയും പരക്കം പാച്ചിലുകളെയും കുറിച്ച് സംസാരിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ജോയ് മാത്യു ആണ്. കുഞ്ചാക്കോ ബോബന് ഒപ്പം ആന്റണി വർ​ഗീസും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..