മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫറില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിനെ കുറിച്ച് നടന്‍ മധു.

ലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ മധു. മലയാള സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന അദ്ദേഹം നിലവിൽ സിനിമകളിൽ നിന്നും മാറി വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ ലൂസിഫറിലൂടെ അഭിനയിക്കാതെ അഭിനയം നിർത്തിയെന്ന് പറയുകയാണ് മധു. സിനിമയ്ക്കായി പൃഥ്വിരാജ് തന്നെ സമീപിച്ചിരുന്നുവെന്നും താൻ ഓക്കെ പറ‍ഞ്ഞുവെങ്കിലും അഭിനയിക്കാൻ സാധിച്ചില്ലെന്നും നടൻ പറയുന്നു.

"ലൂസിഫറിലാണ് ഞാൻ അഭിനയം നിർത്തിയത്. അഭിനയിക്കാതെ അഭിനയം നിർത്തി. ഇവിടെ വന്ന് പൃഥ്വിരാജ് കഥയെല്ലാം പറഞ്ഞിരുന്നു. ഞാൻ സമ്മതിക്കുകയും ചെയ്തു. അതിനിടയിൽ എനിക്കൊരു വീഴ്ച സംഭവിച്ചു. നെഞ്ചടിച്ച് വീണിട്ട് കണ്ണിന്റെ ഒരുഭാ​ഗം കറുത്തുപോയി. കൊടുത്ത ഡേറ്റിന് ഈ മുഖവും വച്ച് വർക്ക് ചെയ്യാൻ പറ്റില്ല. അവര് രണ്ടാഴ്ച കഴിഞ്ഞ് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു. അതൊരു നിമിത്തമായിട്ട് എനിക്ക് തോന്നി. മതിയെടാ..ഇനി നിർത്ത് എന്ന് പറഞ്ഞപോലെ തോന്നി", എന്ന് മധു പറഞ്ഞു. യുട്യൂബ് ചാനലായ ജിഞ്ചർ മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിന് ശേഷം വൺ എന്ന മമ്മൂട്ടി സിനിമയിൽ മാത്രമാണ് അഭിനയിച്ചതെന്നും മധു പറയുന്നുണ്ട്. "അത് കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് മമ്മൂട്ടി കയറി വന്നു. അങ്ങേരുടെ ഒരു പടമുണ്ട് അതിൽ ഞാൻ അഭിനയിക്കണമെന്ന് ഭയങ്കര നിർബന്ധം. കോളേജിലെ പ്രിൻസിപ്പൽ വേഷമായിരുന്നു. സാറ് തന്നെ അത് ചെയ്യണമെന്ന് പറഞ്ഞു. ഞാൻ വരില്ലെന്ന് പറഞ്ഞപ്പോൾ ഇവിടെ വന്ന് ചെയ്യാമെന്ന് പറഞ്ഞു. സെറ്റിട്ടു. വൺ സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. അതുമാത്രമെ ഞാൻ ചെയ്തിട്ടുള്ളൂ", എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming