സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ മഹേഷ് നായർ. സിംഹം കൂട്ടിലായെന്ന് പറഞ്ഞാണ് മഹേഷ് പ്രതികരിച്ച് തുടങ്ങിയത്.
പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടൻ മഹേഷ് നായർ. സിംഹം കൂട്ടിലായെന്ന് പറഞ്ഞു കൊണ്ടായിരുന്നു മഹേഷിന്റെ പ്രതികരണം. സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ന്യൂജെൻ നടന്മാരോ സംഘടനാ പ്രവർത്തകരോ പ്രതികരിച്ച് കണ്ടില്ലെന്ന് പറഞ്ഞ നടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ തനിക്കുണ്ടായ വേദനയും അപമാനവും മരണം വരെ സഹിച്ചു കാണുമെന്നും പറഞ്ഞു.
"അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം..സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂ ജെൻ നടന്മാരെയോ സ്ത്രീ വിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സഘടനയുടെ പാർവ്വതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല. നടൻ ദീലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വെയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല. സജിത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ..തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും. കർമ്മഫലം അനുഭവിക്കുക തന്നെ വേണം", എന്നായിരുന്നു മഹേഷ് നായരുടെ പ്രതികരണം.
പുതിയ സിനിമയുടെ സെറ്റില്‍ വച്ച് രഞ്ജിത്ത് യുവ നടിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ജനുവരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു നടി പരാതി നല്‍കിയത്. നടിയോട് രഞ്ജിത് കാരവനിൽ വെച്ച് മോശമായി പെരുമാറിയ കാര്യം സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഈ കാരവാന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാരവാന് പുറത്തുള്ള സിസിടിവി വിഷ്വല്‍സ് അന്വേഷണ സംഘം പരിശോധിക്കും. ഒപ്പം സെറ്റിലുണ്ടായിരുന്ന സിനിമാക്കാരുടെ മൊഴിയും രേഖപ്പെടുത്തും. നിലവില്‍ 14 ദിവസത്തെ റിമാന്‍റിലാണ് രഞ്ജിത്ത്. ജാമ്യാപേഷ ശനിയാഴ്ച പരിഗണിക്കും.



