സംവിധായകൻ ഫാസിലും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

മലയാളം ഏറ്റെടുത്ത ചിത്രമാണ് 'ഹരികൃഷ്‍ണൻസ്'. 'ഹരി'യും 'കൃഷ്‍ണനു'മായിയെത്തിയത് മമ്മൂട്ടിയും മോഹൻലാലും. സംവിധാനം ഫാസിലും. 'ഹരികൃഷ്‍ണൻസി'ലെ ഇരട്ട ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞ മമ്മൂട്ടി 'ഹരികൃഷ്‍ണൻ' ഒരു ബ്രില്യന്റ് സിനിമയായിരുന്നുവെന്ന് അഭിപ്രായപ്പെട്ടതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. രണ്ട് പേര്‍ക്കും തുല്യ സ്‍പേസുള്ള ഒരു ചിത്രമായിരുന്നു 'ഹരികൃഷ്‍ണൻസ്'. 'ഹരി'യായി ഞാനും 'കൃഷ്‍ണനാ'യി മോഹൻലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. 'മീര'യെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് 'മീര'യെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ് എന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഫാസിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മോഹൻലാലും വേദിയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ആരാണ് ഫാസിലിനെ കുറിച്ച് ആദ്യം പറയുന്നത് എന്ന് സംശയമുണ്ടായപ്പോള്‍ രസകരമായിട്ടായിരുന്നു മമ്മൂട്ടി ഇടപെട്ടത്. സംവിധായകൻ ഫാസിലിനെ കുറിച്ച് ആരാണ് ആദ്യം പറയുന്നത് എന്ന് അവതാരകനായ ജഗദീഷ് മമ്മൂട്ടിയോടും മോഹൻലാലിനോടുമായി ചോദിച്ചു. ഇരുവര്‍ക്കും ഒരുപാട് പറയാനുണ്ടാകും എന്നും ജഗദീഷ് പറയുകയും ചെയ്‍തു. മോഹൻലാല്‍ മമ്മൂട്ടിയോട് നിങ്ങള്‍ ആദ്യം പറയൂ എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 'കിണ്ണൻ' പറയൂ എന്നായിരുന്നു സിനിമയെ ഓര്‍മിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിയും ഷോയില്‍ സംസാരിക്കുകയായിരുന്നു.

'ഹരികൃഷ്‍ണൻസ്' 1998ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്. സുചിത്ര മോഹൻലാലാണ് ചിത്രത്തിന്റെ നിര്‍മാണം. ഫാസില്‍ തന്നെയായിരുന്നു തിരക്കഥ. അക്കാലത്തെ മികച്ച വിജയമായിരുന്നു ചിത്രം.

വക്കീലൻമാരായ രണ്ട് കഥാപാത്രങ്ങളെയായിരുന്നു ആ ചിത്രത്തില്‍ മോഹൻലാലും മമ്മൂട്ടിയും അവതരിപ്പിച്ചത്. 'അഡ്വ ഹരികൃഷ്‍ൻസാ'യിട്ടായിരുന്നു ചിത്രത്തില്‍ അറിയപ്പെട്ടത്. ജൂളി ചൗള 'മീര'യായും എത്തി. ഇന്നസെന്റെ, നെടുമുടി വേണു, ഷാമിലി, രാജീവ് മേനോൻ, കൊച്ചിൻ ഹനീഫ, സുധീഷ് തുടങ്ങി ഒട്ടേറെ പേര്‍ 'ഹരികൃഷ്‍ണൻസി'ല്‍ ഉണ്ടായിരുന്നു.

Read More: 'മരണവാര്‍ത്തയിലെങ്കിലും ധാര്‍മികത വേണം', തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോയില്‍ പ്രതികരിച്ച് അഭിരാമി സുരേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക