'കളങ്കാവൽ' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ മമ്മൂട്ടി സഹതാരം വിനായകനെ പ്രശംസിച്ചു. ഡിസംബർ 5-ന് റിലീസ് ചെയ്യുന്ന ഈ ക്രൈം ത്രില്ലറിൽ വിനായകൻ നായകനും താൻ പ്രതിനായകനുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഡാൻസറായി വേദികളിൽ എത്തി പിന്നീട് വെള്ളിത്തിരയിലും എത്തിയ ആളാണ് നടൻ വിനായകൻ. 30 വർഷം നീണ്ട അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത വിനായകൻ, രജനികാന്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് പാൻ ഇന്ത്യൻ തലത്തിൽ തന്നെ ശ്രദ്ധേയനായി മാറി കഴിഞ്ഞു. നിലവിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കളങ്കാവൽ എന്ന ചിത്രമാണ് വിനായകന്റേതായി വരാനിരിക്കുന്നത്. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ പ്രീ റിലീസ് ടീസർ ഈവന്റിൽ വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

വളരെ സന്തോഷത്തോടെ വേദിയിലേക്ക് ക്ഷണിച്ച വിനായന് മമ്മൂട്ടി കൈമാറിയിരുന്നു. 'എനിക്ക് സംസാരിക്കാൻ അറിയില്ല. അറിയാല്ലോ', എന്നാണ് വിനായകൻ പറഞ്ഞത്. 'സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം', എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി കമന്റ്. 'ഇനി ആർക്കും ഉണ്ടാവില്ല ഇങ്ങനെ ഒരു ഭാ​ഗ്യം എന്ന് കരുതുന്നു. അത്ര ഭാ​ഗ്യമുള്ളവനാണ് വിനായകൻ. സന്തോഷം', എന്ന് പറഞ്ഞ് വിനായകൻ തന്റെ വാക്കുകൾ ചുരുക്കുകയും ചെയ്തു.

പിന്നാലെയാണ് മമ്മൂട്ടി സംസാരിച്ചത്. 'ക്ലാസിൽ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ നമുക്ക് തോന്നിപ്പോകും', എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

അതേസമയം, കളങ്കാവലിൽ വിനായകനാണ് നായകനെന്നും താൻ പ്രതിനായകനാണെന്നും മമ്മൂട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകർക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററിൽ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്