ചിത്രം ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തുക.

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിനൊപ്പം ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിം​ഗ് ഓപ്പൺ ആയിട്ടുണ്ട്. കേരളത്തിൽ ഇനിയും ചില തിയറ്ററുകളിൽ ബുക്കിം​ഗ് സ്റ്റാർട്ട് ചെയ്യാൻ ബാക്കിയാണ്. എന്നിരുന്നാലും ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. 

ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുളിൽ ആണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. കേരളത്തിലെ പ്രധാന തിയറ്ററുകൾ ആയ വനിത- വിനീത, കവിത, ഏരീസ് പ്ലക്സ്, രാഗം, കോഴിക്കോട് കൈരളി, പിവിആർ ശൃംഖലകളിലും ടിക്കറ്റ് ബുക്കിം​ഗ് തകൃതിയായി നടക്കുകയാണ്. ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ മികച്ച ബുക്കിങ്ങും പ്രി-സെയിൽ ബിസിനസും ആദ്യദിനം തന്നെ ഭ്രമയു​ഗത്തിന് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. 

യുഎഇയിലെ വോക്‌സ് സിനിമാസിൽ ഭ്രമയു​ഗത്തിന്റെ 600ലധികം ടിക്കറ്റുകൾ ഇതിനകം വിറ്റുപോയിട്ടുണ്ട്. പത്ത് യുറോപ് രാജ്യങ്ങളിലാണ് ഭ്രമയു​ഗത്തിന്റെ സ്ട്രീമിം​ഗ് നടക്കുക. ഒപ്പം യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ഭ്രമയു​ഗം റിലീസ് ചെയ്യും. 

'ലാളിത്യമുള്ള മനുഷ്യൻ, ഇതിഹാസ നടൻ'; മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി, നന്ദി പറഞ്ഞ് മലയാളികൾ

അതേസമയം, പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ് ഭ്രമയു​ഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്യുന്ന ചിത്രം ഫെബ്രുവരി 15നാണ് തിയറ്ററിൽ എത്തുക. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..