അബുദാബി ഡാൽമ മാളിൽ വച്ചാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്.
വ്യത്യസ്തമായ കഥാപശ്ചാത്തലവും ആഖ്യാനവും കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീർ ആണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ റോഷാക്കിന്റെ വിജയം അബുദാബിയിൽ ആഘോഷിക്കുകയാണ് മമ്മൂട്ടി.
അബുദാബി ഡാൽമ മാളിൽ വച്ചാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്. മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആളുകളാണ് മാളിൽ എത്തിച്ചേർന്നത്. ഗ്രേസ് ആന്റണി, ജോർജ്, ഷറഫുദ്ദീൻ തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം സിനിമയെ പ്രതിനിധീകരിച്ചു കൊണ്ട് പരിപാടിയിൽ പങ്കെടുത്തു. റോഷാക്കിലെ വീഡിയോ ഗാനവും പരിപാടിയിൽ റിലീസ് ചെയ്തിരുന്നു.
"റോഷാക്ക് വലിയൊരു വിജയമാക്കിയത് പ്രേക്ഷകരാണ്. സിനിമ വളരുന്നത് പ്രേക്ഷകരിലൂടെയാണ്. അവരാണ് സിനിമയെ നയിക്കുന്നത്. സിനിമ ഏത് ദിശയിലേക്ക് സഞ്ചരിക്കണം. ഏത് വിഷയങ്ങൾ ചർച്ച ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. കാരണം അവരാണ് സിനിമ എന്ന കലയോട് കൂടുതൽ അടുത്ത് നിൽക്കുന്നവർ. ഉത്തരവാദിത്വത്തോടെ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവർ. പ്രത്യേകിച്ച് മലയാളി പ്രേക്ഷകർ", എന്ന് മമ്മൂട്ടി പറഞ്ഞു.
\
അതേസമയം, ആദ്യ ആഴ്ച കേരളത്തില്‍ നിന്നു മാത്രം റോഷാക്ക് നേടിയത് 9.75 കോടി ആയിരുന്നു. ഈ കാലയളവിൽ തന്നെ ആഗോള മാര്‍ക്കറ്റുകളിലേതടക്കം ചിത്രം നേടിയ ആഗോള ഗ്രോസ് 20 കോടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമൊരു സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനിയാണ് റോഷാക്കിന്റെ നിർമ്മാണം.

തരംഗം തീർത്ത 'അറബിക് കുത്ത്'; പുതിയ റെക്കോർഡിട്ട് 'ബീസ്റ്റ്'
