തോറ്റുനില്‍ക്കുന്ന സമയത്തും തഗ്ഗുമായി മോഹൻലാല്‍.

മലയാളികളുടെ എക്കാലത്തെയും പ്രിയ താരമാണ് മോഹൻലാല്‍. മലയാള സിനിമയുടെ അംബാസിഡറായി കണക്കാക്കാവുന്ന താരവുമാണ് മോഹൻലാല്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‍ട്രൈക്കേഴ്‍സ് ടീമിന്റെ ക്യാപ്റ്റനായി 2012-13 സീസണില്‍ മോഹൻലാല്‍ പങ്കെടുത്തിരുന്നു. അന്ന് ക്രീസില്‍ നടന്ന രസകരമായ ഓര്‍മകള്‍ ഇപ്പോള്‍ ലീഗില്‍ കളിച്ചുകൊണ്ടിരിക്കുന്ന കലാഭവൻ പ്രജോദ് പങ്കുവെച്ചതിന്റെ വീഡിയോ ആണ് ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

കലാഭവൻ പ്രജോദിന്റെ വാക്കുകള്‍

സിസിഎല്ലില്‍ നമ്മള് സെക്കന്റ് ബാറ്റിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ്. ഓരോ വിക്കറ്റുകളായി ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞ് അവസാനം ഞാനും ലാലേട്ടനുമാണ് ക്രീസിലുള്ളത്. ജയിക്കാൻ ആറ് ബോളില്‍ 126 റണ്‍സ് വേണം. ആരോ ഇതിനിടയ്‍ക്ക് ഡഗ് ഔട്ടിലുള്ള നിഖിലിന്റെയടുത്ത് നമുക്ക് റണ്‍‌റേറ്റ് വേണം അടിക്കാൻ പറ എന്ന് പറഞ്ഞ് വെള്ളവും കൊടുത്തുവിട്ടു. ഇതിന്റെയിടക്ക് റിലേ പോയെ നിഖില്‍ ഓടി വന്നിട്ട് പറഞ്ഞു, പ്രജോദ്, ലാലേട്ടാ നിങ്ങള്‍ എന്താണ് കാണിക്കുന്നത്. അടിക്ക് നമുക്ക് ജയിക്കേണ്ടേ എന്നൊക്കെ. അപ്പോള്‍ ലാലേട്ടൻ എന്നോട് ചോദിച്ചു, മോനേ ഇവനെന്തെങ്കിലും കുഴപ്പമുണ്ടോ, ഈ ആറ് ബോളില്‍ നമ്മള്‍ എങ്ങനെ ഇത്രയും റണ്‍സ് എടുക്കും. ഞാനും തിരിച്ചു പറഞ്ഞു, ശരിയാണ് ലാലേട്ടൻ നമ്മള്‍ പാടുപെടും.

അപ്പോള്‍ ചിരിച്ചുകൊണ്ട് ലാലേട്ടൻ പറഞ്ഞു, 124 പന്തില്‍ നിന്ന് ആറ് റണ്‍സാണ് എടുക്കേണ്ടതെങ്കിലും നമ്മള്‍ പാടുപെടും. തോറ്റ് നില്‍ക്കുന്ന സമയത്തും അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെൻസ് എടുത്ത് പറയേണ്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക