Asianet News MalayalamAsianet News Malayalam

CBI 5 The Brain : മാറ്റമില്ലാത്ത 'സേതുരാമയ്യര്‍', ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി

'സേതുരാമയ്യര്‍' ആയിട്ടുള്ള തന്റെ ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി (CBI 5 The Brain).

Actor Mammootty share his photo from CBI 5 The Brain
Author
Kochi, First Published Mar 21, 2022, 10:57 PM IST


'സിബിഐ' സീരീസിലെ അഞ്ചാമത്തെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി 'സേതുരാമയ്യര്‍' ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. മമ്മൂട്ടിയുടെ 'സിബിഐ' അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി (CBI 5 The Brain).

'സേതുരാമയ്യരു'ടെ ലുക്കിലുള്ള ഫോട്ടോയാണ് മമ്മൂട്ടി ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ഒരു മാറ്റവുമില്ല എന്ന് തോന്നിപ്പിക്കുന്നതാണ് ഫോട്ടോയില്‍ കാണുന്ന മമ്മൂട്ടി. 'സേതുരാമയ്യരു'ടെ നടപ്പും ഭാവവും അതേപോലെ തന്നെ മമ്മൂട്ടിയിലുണ്ടെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നു. എസ് എൻ സ്വാമി തിരക്കഥയെഴുതുന്ന ചിത്രം പുരോഗമിക്കുകയാണ്.

ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. മലയാളത്തില്‍ ഇങ്ങനൊരു സിനിമ വരുമ്പോള്‍ അതൊരു ചരിത്രവുമാണ്.

മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 'സിബിഐ' സീരിസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പ്' പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട്  'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി.

 'സേതുരാമയ്യരായി' മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത്  സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. 

Read More : 'വിക്രമി'നൊപ്പം 'സേതുരാമയ്യരും' 'ചാക്കോയും'; ജ​ഗതിയെ സ്വാ​ഗതം ചെയ്‍ത് 'സിബിഐ 5' ടീം

'സിബിഐ' സീരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറികുറിപ്പി'ന് 34 വര്‍ഷം തികഞ്ഞ വേളയില്‍ സംവിധായകന്‍ മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 'സേതുരാമയ്യർ' തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് 'സിബിഐ' പരമ്പരയിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് 'സിബിഐ' പരമ്പരയിൽ നിന്ന്   മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌  ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. 

ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ  സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി 'സിബിഐ'യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.

ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌ എൻ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, 'സിബിഐ'  അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, 'സിബിഐ' ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ.

ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി  ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എന്റെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം കൃഷ്‍ണൻ നായർ സാറിനെയും സാഷ്‍ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌. സ്‍നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം" എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

Follow Us:
Download App:
  • android
  • ios