മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

മ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെ​ഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ പുതിയ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. 

 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നൻപകൽ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു കവലയിൽ ആളുകൾക്ക് നടുവിൽ ഇരുന്ന് പാട്ട് പാടുന്ന\സംസാരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

"വാര്യര് പറയുമ്പോലെ ഇത് അയാളുടെ കാലം അല്ലേ, മഹാനടന്റെ മഹാവിസ്മയത്തിനായി കാത്തിരിക്കുന്നു, നകുലൻ ആയി മറ്റൊരു നടനവിസ്മയം തീർക്കാൻ ഇക്ക വരുന്നു, മമ്മൂട്ടി... നിങ്ങൾ ഒരു പ്രതിഭാസം", എന്നിങ്ങനെ പോകുന്നു കമന്റുകൾ‌. ഇത്തവണത്തെ ഐഎഫ്എഫ്കെ മത്സര വിഭാ​ഗത്തിലുള്ള മറ്റൊരു മലയാള ചിത്രം കുഞ്ചാക്കോ ബോബന്റെ അറിയിപ്പ് ആണ്. 

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'അമര'ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. 

കേക്കിൽ നടരാജനും ചിലങ്കയും, പിറന്നാള്‍ ആഘോഷ ചിത്രങ്ങളുമായി നവ്യ

എസ് ഹരീഷിന്‍റേതാണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്‍റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ.