മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മമ്മൂട്ടി.
രാജ്യത്തെ ഒന്നാകെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ നടൻ മമ്മൂട്ടി. ദാരുണമായ സംഭവം ഞെട്ടലുളവാക്കിയെന്നും മരിച്ചവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഹൃദയഭേദകമായ സമയത്ത് ശക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു
'പറന്നുയർന്ന് നിമിഷങ്ങൾക്കകം നിരവധി ജീവനുകൾ അപഹരിച്ച ഇന്ത്യയിലെ ദാരുണമായ വിമാനാപകടത്തിന്റെ വാർത്ത ഞെട്ടലുളവാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഈ ഹൃദയഭേദകമായ സമയത്ത് മനോധൈര്യം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു', എന്നാണ് മമ്മൂട്ടി കുറിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.38 നാണ് രാജ്യത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ വാര്‍ത്ത പുറത്തുവന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ എന്ന വിമാനം ആയിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉണ്ട്.
നിലവില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കൈമാറുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഡിഎൻഎ ഫലം ലഭിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. രമേഷ് വിശ്വാസ് കുമാർ ആണ് രക്ഷപ്പെട്ടത്.
വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങിയെന്നും എന്താണ് സംഭവിച്ചതെന്ന് അതില്‍ വ്യക്തമാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥിതഗതികള്‍ വിലിയിരുത്തുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമെന്നും അമിത് ഷാ അറിയിച്ചു.

