താൻ ക്യാൻസർ സർവൈവർ ആണെന്ന് മണിയൻപിള്ള രാജു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലയാളത്തിന്റെ പ്രിയ നടനാണ് മണിയൻ പിള്ള രാജു. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മെലിഞ്ഞ രൂപത്തിലായിരുന്നു നടനെ അന്ന് മലയാളികൾ കണ്ടത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ആണോന്നെല്ലാം ചോദിച്ച് മലയാളികൾ രം​ഗത്ത് എത്തി. പിന്നാലെ അച്ഛന് ക്യാൻസർ ആയിരുന്നുവെന്നും അതിൽ നിന്നും മുക്തി നേടിയെന്നും അറിയിച്ച് മകനും നടനുമായ നിരഞ്ജ് രം​ഗത്തെത്തിയിരുന്നു. 

ഇപ്പോഴിതാ താൻ ക്യാൻസർ സർവൈവർ ആണെന്ന് മണിയൻപിള്ള രാജു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയിൽ വച്ചു നടന്നൊരു പൊതു പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചെവി വേദനയെ തുടർന്നാണ് എംആർഐ എടുത്തതെന്നും പിന്നാലെ ക്യാൻസർ സ്ഥിരീകരിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു അറിയിച്ചു. 

'കഴിഞ്ഞ വർഷമായിരുന്നു എനിക്ക് ക്യാൻസർ വന്നത്. തുടരും സിനിമയുടെ ഷൂട്ടിം​ഗ് കഴിഞ്ഞ് ഭഭബ്ബ എന്ന സിനിമയ്ക്ക് പോയിട്ട് തിരിച്ചു പോയപ്പോൾ ചെവി വേദന വന്നു. അങ്ങനെ എംആർഐ എടുത്ത് നോക്കിയപ്പോൾ ചെറിയ അസുഖം. തൊണ്ടയുടെ അറ്റത് നാവിന്റെ അടിയിൽ. 30 റേഡിയേഷനും അഞ്ച് കീമോയും ചെയ്തു. സെപ്റ്റംബറിൽ ട്രീറ്റമെന്റ് എല്ലാം കഴിഞ്ഞു. മരുന്നൊന്നും ഇല്ല. പക്ഷേ 16 കിലോ ഭാരം കുറഞ്ഞു. വേറെ കുഴപ്പമൊന്നും ഇല്ല', എന്നായിരുന്നു മണിയൻപിള്ള രാജുവിന്റെ വാക്കുകള്‍. 

അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. 100 കോടി ക്ലബ്ബിലടക്കം ഇടംനേടിയ ചിത്രത്തിലെ മണിയന്‍പിള്ള രാജു- മോഹന്‍ലാല്‍ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം കണ്ട ഈ കോമ്പോ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..