തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ തുടരും. വലിയ പ്രീ റിലീസ് ഹൈപ്പോടെ അല്ലാതെ വന്ന്, ആദ്യ ദിനം ആദ്യ ഷോകളിലെ പ്രേക്ഷകാഭിപ്രായം കൊണ്ടുതന്നെ ചിത്രം വിജയ തീരത്തേക്കുള്ള യാത്ര ആരംഭിച്ചിരുന്നു. ആദ്യ ആറ് ദിനം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ മറ്റൊരു നേട്ടം കൂടി സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. കേരള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ഗ്രോസ് എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ഈ നേട്ടം അതിവേഗം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തുടരും. കേരള ബോക്സ് ഓഫീസില്‍ അതിവേഗം 50 കോടി നേടുന്നതില്‍ വിജയ് ചിത്രം ലിയോയെ മറികടന്നാണ് തുടരും രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ലിയോ 10 ദിവസം കൊണ്ടാണ് കേരളത്തില്‍ നിന്ന് 50 കോടി നേടിയതെങ്കില്‍ തുടരും 8-ാം ദിവസമായ ഇന്നാണ് ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 11 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് 50 കോടി നേടിയ കെജിഎഫ് 2 ആണ് നാലാം സ്ഥാനത്ത്. 12 ദിവസം കൊണ്ട് ഈ നേട്ടം ഉണ്ടാക്കിയ, പൃഥ്വിരാജിന്‍റെ ആടുജീവിതമാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. അതേസമയം മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയ എമ്പുരാന്‍ ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 5 ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ കേരളത്തില്‍ നിന്ന് 50 കോടി നേടിയത്.
അതേസമയം ഒരു മോഹന്‍ലാല്‍ ചിത്രം ഈ നേട്ടം ഉണ്ടാക്കുന്നത് ഇത് നാലാം തവണയാണ്. 2016 ല്‍ പുറത്തെത്തിയ പുലിമുരുകനാണ് ആദ്യമായി കേരളത്തില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ എത്തിയ മലയാള ചിത്രം. പിന്നീട് ലൂസിഫര്‍, ലൂസിഫറിന്‍റെ സീക്വല്‍ ആയ എമ്പുരാന്‍ എന്നിവയും കേരളത്തില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ എത്തി.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


