ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുൻ ആയിരുന്നു നേരത്തെ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചതും.

ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവതാരകനും ചലച്ചിത്ര താരവുമായി മിഥുൻ രമേശ്. ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി എന്നും മിഥുൻ രമേശ് പറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് മിഥുൻ തന്റെ ആരോഗ്യവസ്ഥ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുൻ രമേശ് തന്നെയായിരുന്നു അറിയിച്ചത്. അങ്ങനെ വിജയകരമായി ആശുപത്രിയില്‍ കയറി. കഴിഞ്ഞ കുറച്ച് ദിവസത്തെ യാത്രകളുടെ ഇടയില്‍, ഇപ്പോള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്ന് അറിഞ്ഞൂടാ, എനിക്ക് ചെറിയൊരു ബെല്‍സ് പാള്‍സി എന്ന അസുഖമാണ്. ജസ്റ്റിന്‍ ബീബറിനൊക്കെ വന്ന അസുഖമാണ്. അത് വന്നിട്ടുണ്ട്. ഞാനിപ്പോള്‍ ചിരിക്കുമ്പോള്‍ ജനകരാജിനെപ്പോലെയാണ് ചിരിക്കുന്നത്. മുഖത്തിന്‍റെ ഒരു വശം അനക്കാന്‍ ബുദ്ധിമുട്ടാണ്.

അതാണ് ഇപ്പോഴത്തെ സാഹചര്യം. ഒരു കണ്ണ് കറക്റ്റ് ആയിട്ട് അടയും. മറ്റേ കണ്ട് അടയ്ക്കണമെങ്കില്‍ ബലം കൊടുക്കണം. അല്ലെങ്കില്‍ രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കണം. അല്ലാതെ ചെയ്യാന്‍ പറ്റില്ല. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞതെന്നും താനിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്‍മിറ്റ് ആയിട്ടുണ്ട് എന്നുമായിരുന്നു മിഥുൻ രമേശ് അറിയിച്ചത്

മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി. പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്‍ത കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബറിന് മുന്‍പ് ഈ അസുഖം വന്നപ്പോള്‍ ഇത് ചര്‍ച്ചയായിരുന്നു. മുമ്പ് മലയാളി സിനിമാ, സീരിയല്‍ താരം മനോജിനും ഈ അസുഖം വന്നിരുന്നു.

Read More: കനിഹയ്‍ക്ക് പരുക്കേറ്റു, നടിക്ക് പറയാനുള്ളത്