പ്രണവ് മോഹൻലാല്‍ നായകനായ ചിത്രം 'ഹൃദയം' നൂറ്റിയൊന്നാം ദിവസത്തിലേക്ക് (Hridayam). 

പ്രണവ് മോഹൻലാല്‍ നായകനായ ചിത്രമാണ് 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ 'ഹൃദയം' റിലീസ് ചെയ്‍ത് നൂറ് ദിവസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാല്‍ അടക്കമുള്ളവര്‍ (Hridayam).

വിജയകരമായ യാത്രയില്‍ 'ഹൃദയം' ടീമിനെ അഭിനന്ദിക്കുകയാണ് എന്ന് മോഹൻലാല്‍ എഴുതിയിരിക്കുന്നു. ഹൃദയം എന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെയടക്കമുള്ളവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നൂറ്റിയൊന്നാം ദിവസത്തിലേക്ക് എത്തിയ സന്തോഷം അറിയിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ അടക്കമുള്ളവര്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് കാലത്തും പ്രേക്ഷകര്‍ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു നല്‍കിയിരുന്നത്.

View post on Instagram

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിനു ദര്‍ശനയ്‍ക്കും പുറമേ കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിച്ചു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമായിരുന്നു 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.

പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ഹൃദയം'. 'ഹൃദയം' അമ്പത് കോടി ക്ലബിലെത്തിയതായി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് ഹൃദയം വൻ ഹിറ്റായി മാറിയത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ വാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാം വാരം 6.70 കോടിയും നേടി. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

Read More : 'പ്രണവ് മോഹൻലാലിനൊപ്പം ഞങ്ങളും ഡാൻസ് ചെയ്‍തു', 'ദര്‍ശന' ഡോക്യുമെന്ററി വീഡിയോ

'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 'അരുണ്‍ നീലകണ്ഠന്റെ' 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ മൊത്തം ഉണ്ടായിരുന്നത്. പൃഥ്വിരാജും വിനീത് ശ്രീനിവാസനുമൊക്കെ ചിത്രത്തിനായി പാടി. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണി ഗായികയാകുകയും ചെയ്‍തു. കെ എസ് ചിത്രയുടെ അതിമനോഹരമായ ഒരു ഗാനവും ചിത്രത്തിലുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെയും സുഹൃത്തുക്കളുടെയും കോളേജ് കാലത്തെ ചില അനുഭവങ്ങളും ഓര്‍മകളുമൊക്കെയിരുന്നു 'ഹൃദയ'ത്തിനായി സ്വീകരിച്ചത്. 'ഹൃദയം' എന്ന ചിത്രത്തെ അഭിനന്ദിച്ച് വിവിധ ഭാഷകളിലെ അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഓഡിയോ സിഡി കാസറ്റുകളും പുറത്തിറക്കിയിരുന്നു.