ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്.
കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ(Mohanlal) ചിത്രം 'ആറാട്ട്' (Aaraattu movie) തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. എട്ട് മണിയോടെ ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകർ പറയുന്നത്.
ചിത്രത്തിന്റെ ആദ്യ പകുതിക്ക് തിയറ്ററുകളില്‍ ആവേശം തീര്‍ക്കാൻ സാധിച്ചുവെന്നും ഇവർ പറയുന്നു. മാസ് സിനിമകൾ ഒരു കലയാണ്. ഇക്കാലത്ത് കുറച്ച് എഴുത്തുകാർക്ക് ശരിക്കും അറിയാവുന്ന ഒരു കലയാണ് അതെന്നുമാണ് ഒരാള്‍ പറയുന്നത്. ആറാട്ട് മികച്ച സിനിമയാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരിടവേളക്ക് ശേഷമുള്ള മോഹന്‍ലാലിന്‍റെ മികച്ച പ്രകടനമാണ് ആറാട്ടെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.
ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. 'പുലിമുരുകന്‍', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയായിരിക്കും ആറാട്ട്.
ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ രാമചന്ദ്ര രാജുവും ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്.
