മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്.
കഴിഞ്ഞ ഏതാനും നാളുകളായി സിനിമാ മേഖലയിൽ കണ്ടുവരുന്നത് റി റിലീസ് ട്രെന്റുകളാണ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ സ്വീകാര്യത നേടിയ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും ഒരുപിടി സിനിമകൾ റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്താൻ പോകുന്നത് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥയാണ്. ഈ അവസരത്തിൽ മോഹൻലാലിന്റെ ഒരു സിനിമ കൂടി റി റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
2007ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ 'ഛോട്ടാ മുംബൈ' ആണ് ആ ചിത്രം. വാസ്കോഡ ഗാമ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ സിനിമ കാണാൻ ആളുകൾ തിയറ്ററിലെത്തും എന്നാണ് വിലയിരുത്തലുകൾ. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജിന്റെ ഒരു കമന്റാണ് ഛോട്ടാ മുംബൈ വീണ്ടും എത്തുന്നെന്ന പ്രചരണങ്ങൾക്ക് പിന്നിൽ.
നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ റി റിലീസ് ചെയ്യുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയും താരം നൽകി. 'ഛോട്ടാ മുംബൈ റീ റിലീസ് ഹാപ്പനിംഗ്' എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മണിയൻ പിള്ള രാജുവാണ് ചിത്രം നിർമിച്ചത്.
ബജറ്റ് 200 കോടി; പ്രതിഫലത്തിൽ 'നോ' വിട്ടുവീഴ്ചയെന്ന് അജിത് ! വിടാമുയർച്ചി 1000ത്തിൽ പരം സ്ക്രീനുകളിൽ
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലിന്റേതായി റി റിലീസ് ചെയ്യുന്ന പടമാകും ഛോട്ടാ മുംബൈ. മലയാളം റി റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ദേവദൂതൻ ആണ്. 5.4 കോടിയാണ് കളക്ഷൻ. മണിച്ചിത്രത്താഴ് 4.4 കോടിയും സ്ഫടികം 4.82 കോടിയും നേടിയെന്നാണ് റിപ്പോർട്ടുകൾ.
