പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന മോണ്‍സ്റ്റര്‍.
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇന്ന് രാവിലെ 11 മണിക്ക് റിലീസ് ചെയ്ത ട്രെയിലർ യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.
എട്ട് മണിക്കൂർ കൊണ്ടാണ് ട്രെയിലർ ട്രെന്റിങ്ങിൽ ഇടംപിടിച്ചിരിക്കുന്നത്. "ഒരു മില്യൺ കാഴ്ചക്കാരും ട്രെയിലറിന് ലഭിച്ചു കഴിഞ്ഞു. 6 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ. പടം വൻ വിജയം ആയി തീരട്ടെ, ഇത് ചുമ്മാ ഒരു വരവ് ആയിരിക്കില്ല. ഒരു ഒന്നൊന്നര വരവായിരിക്കും, ഇതുവരെ പലരും ശ്രമിച്ചിട്ടും തൊടാൻപോയിട്ട് ഏഴയലത്ത് വരാൻ പറ്റാത്ത റെക്കോർഡ് ഇട്ട ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ. അടുത്ത റെക്കോർഡ് ഇടാൻ ഈ സിനിമയ്ക്ക് സാധിക്കട്ടെ", എന്നിങ്ങനെയാണ് ട്രെയിലർ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ.
സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
അതേസമയം, മോഹൻലാലിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ജീത്തു ജോസഫ് ചിത്രം റാം, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്‍റെയും വിവേകിന്‍റെയും ചിത്രങ്ങള്‍, വൃഷഭ, എമ്പുരാൻ എന്നിവയാണ് അവ. മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭമായ ബറോസും ഇക്കൂട്ടത്തിൽ ഉണ്ട്. രണ്ട് മാസം മുൻപായിരുന്നു ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്.
'സ്റ്റാർ എന്ന നിലയിൽ പെരുമാറിയിട്ടില്ല, സംവിധായകന്റെ പൾസറിയുന്ന നടനാണ് മമ്മൂക്ക': നിസാം ബഷീർ
