അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് നിർമ്മിച്ചുനൽകിയ വീടിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് നിയമനടപടി തുടങ്ങിയിട്ടുണ്ട്. രേണുവിനും മകൻ കിച്ചുവിനും എതിരെ വക്കീൽ നോട്ടീസ് അയച്ചു.
കുട്ടിക്കാലം മുതൽ ഭൂരിഭാഗം മലയാളികൾക്കും സുപരിചിതനായ ആളാണ് കിച്ചു എന്ന രാഹുൽ. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു. സുധിയുടെ വിയോഗ ശേഷം അനുജനും അമ്മ രേണുവിനും ഒപ്പം കഴിയുന്ന കിച്ചു നിലവിൽ താമസിക്കുന്നത് കൊല്ലത്തെ അച്ഛന്റെ വീട്ടിലാണ്. സുധി മരിച്ചപ്പോൾ സന്നദ്ധ സംഘടന വച്ചു നൽകിയ വീട്ടിൽ രേണുവും മകനും അച്ഛനും അമ്മയുമാണ് താമസം. പുതിയ വീട് വച്ച് എട്ട് മാസത്തിനുള്ളിൽ ചോരുകയും പലയിടത്തും പൊട്ടിപ്പൊളിഞ്ഞെന്നും രേണു തുറന്നു പറഞ്ഞത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വീട് വച്ചുനൽകിയ കെഎച്ച്ഡിഇസി പ്രവർത്തകർ രേണുവിനെതിരെ രംഗത്തെത്തി.
നിലവിൽ താൻ നൽകിയ സ്ഥലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ ഫിലിപ്പ് കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. തന്നെ തുടരെ വ്യക്തിഹത്യ നടത്തിയെന്നും ബിഷപ്പ് പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു. താൻ വീട് വച്ചവരേയോ സ്ഥലം നൽകിയവരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും എല്ലാത്തിനും നന്ദി ഉണ്ടെന്നും കിച്ചു പറയുന്നു.
"കേസായി, കലിപ്പായി. എന്‍റേയും അമ്മയുടേയും പേരിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാന്‍ എല്ലാവരേയും സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചത്. പക്ഷേ കേസായി. നന്ദിയുണ്ട്. വളരെ നന്ദിയുണ്ട്. പണ്ടേ പറഞ്ഞതാണ് ഇതൊന്നും എന്‍റെ പേരില്‍ വലിച്ചിടരുതെന്ന്. വക്കീല്‍ നോട്ടീസ് വന്നിട്ടുണ്ട്. അത് നമ്മള്‍ കൈപറ്റണം. എന്തായാലും വളരെ സന്തോഷം. ഒരുകാര്യത്തിലും ഇടപെടാതിരുന്നിട്ടും എന്‍റെ പേരിലും കേസായി. വീട് വച്ചവരെ ആയാലും സ്ഥലം തന്നവരെ ആയാലും ഞാനിതുവരെ ഇച്ഛിപ്പോ എന്ന് പറഞ്ഞിട്ടില്ല. നല്ലൊരു കാര്യമാണ് നിങ്ങള്‍ ചെയ്തത്. അതില്‍ എനിക്ക് സന്തോഷം മാത്രമെ ഉള്ളൂ. എന്തായാലും നോക്കാം. വേറെ വഴിയില്ലല്ലോ", എന്നായിരുന്നു കിച്ചുവിന്റെ വാക്കുകൾ. തന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു കിച്ചുവിന്റെ പ്രതികരണം.



