ഒരുപത്ര കട്ടിങ്ങിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ‌ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ മോഹൻലാൽ കെട്ടിയാടാത്ത വേഷങ്ങൾ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി മോഹൻലാൽ എടുക്കുന്ന ഡെഡിക്കേഷനുകൾ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും വ്യക്തമാണ്. മോൺസ്റ്റർ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരുപത്ര കട്ടിങ്ങിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. "ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്സ് ആന്റ് ഡൗൺസൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാൽ എന്താണൊരു രസം. മടുത്ത് പോവില്ലേ ? ഇടയ്‌ക്കൊക്കെ നമ്മുടെ സിനിമകൾ മോശമാവണം, ആൾക്കാർ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടർക്ക്, ഒരു പെർഫോർമർ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ", എന്നാണ് മോഹൻലാൽ പറയുന്നത്. സന്തോഷ് കീഴാറ്റൂർ അടക്കമുള്ള സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ ഈ ഫോട്ടോ ഷെയർ ചെയ്യുന്നുണ്ട്. 

Scroll to load tweet…

അതേസമയം, മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കർ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ പറ്റിയും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റിയുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് ഒരഭ്യൂഹം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്‍തിക്കാരനായി എത്തുന്നുവെന്നും വിവരമുണ്ട്.

ഇതോടൊപ്പം തന്നെ മോഹൻലാലിന്റെ നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. റാം എന്ന ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലോൺ ആണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം. ഷാജി കൈലാസ് ആണ് സംവിധായകൻ. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും അണിയറയിൽ ഒരുങ്ങുകയാണ്.