Asianet News MalayalamAsianet News Malayalam

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്.

actor mohanlal will address the press today noon at Thiruvananthapuram amid controversies
Author
First Published Aug 31, 2024, 1:00 AM IST | Last Updated Aug 31, 2024, 1:00 AM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ ശനിയാഴ്ച പങ്കെടുക്കുന്നുണ്ട്. ഇതിൽ ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിന് ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കു വേണ്ടി ഒടുവിൽ ജനറൽ സെക്രട്ടറി സിദ്ധീഖാണ് മാധ്യമങ്ങളുമായി സംസാരിച്ചത്. 

സംഘടനയുടെ പ്രസിഡന്‍റായിരുന്ന മോഹൻലാൽ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഈ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുത്തിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios