നടൻ മോഹൻലാലും അദ്ദേഹത്തിന്റെ വിശ്വശാന്തി ഫൗണ്ടേഷനും ചേർന്ന് കുട്ടനാട്ടിൽ 'ശാന്തി തീർത്ഥം' എന്ന പേരിൽ കുടിവെള്ള പദ്ധതി ആരംഭിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറതും വലുതുമായി ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്ത ഈ 'കംപ്ലീറ്റ് ആക്ടർ' സഹജീവികളോട് എന്നും കരുണ പുലർത്തുന്ന നടന്മാരിൽ ഒരാള് കൂടിയാണ്. അവരെ കയ്യയഞ്ഞ് സഹായിക്കാൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മയുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ ഈ വിഷുദിനത്തിൽ കുട്ടനാട്ടുകാർക്ക് അതിമനോഹരമായൊരു കൈനീട്ടം നൽകിയിരിക്കുകയാണ് മോഹൻലാൽ.
ശാന്തി തീർത്ഥം എന്നാണ് പദ്ധതിയുടെ പേര്. ഇതിലൂടെ കണ്ടങ്കരി, മുരിക്കോൽമുട്ട്, നെടുമുടി തുടങ്ങിയ വാർഡിലെ 1000ത്തോളം വരുന്ന കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. ദിവസേന 20 ലിറ്റർ വെള്ള വച്ച് 4000ത്തോളം പേർക്കാണ് ഇത് ലഭ്യമാകുക. ഇത് താനും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ഒരു വിഷു കൈനീട്ടമാണെന്നും മോഹൻലാൽ പറഞ്ഞു.
"ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഈ വിഷു നാളിൽ നമ്മുടെ കുട്ടനാടിന് വിശ്വശാന്തി ഫൗണ്ടേഷൻ നൽകുന്ന സ്നേഹ സമ്മാനം. ശാന്തിതീർത്ഥം. കുട്ടനാട്ടിൽ ശുദ്ധജലക്ഷമം നേരിടുന്ന കണ്ടങ്കരി, മുരിക്കോൽമുട്ട്, നെടുമുടി തുടങ്ങിയ വാർഡിലെ 1000ത്തോളം വരുന്ന കുടുംബങ്ങൾക്ക് കുടിവെള്ളം നൽകുക എന്ന ലക്ഷ്യത്തോടെ മൂന്ന് സോളാർ ഓട്ടോമാട്ടർ ആറോ പ്ലാന്റുകളുടെ പ്രവർത്തനം ഏപ്രിൽ 14ന് ആരംഭിക്കുകയാണ്. വിശ്വശാന്തി ഫൗണ്ടേഷന്റെ ശാന്തി തീർത്ഥം പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തുന്ന ഈ സംരംഭം വഴി ഓരോ കുടുംബത്തിനും ദിവസേന 20 ലിറ്റർ വച്ച് 4000ത്തോളം പേർക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കും. കുട്ടനാടിനും അവിടെയുള്ള എന്റെ പ്രിയപ്പെട്ടവർക്കും ഞാനും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ഒരു വിഷു കൈനീട്ടം. ശാന്തിതീർത്ഥം. സ്നേഹപൂർവ്വം നിങ്ങളുടെ മോഹൻലാൽ", എന്നാണ് പദ്ധതിയെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.



