പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുക ആയിരുന്നുവെന്നാണ് വിവരം. 

ചെന്നൈ: ‌സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ നടൻ നാസറിന് പരിക്ക്. സ്പാർക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. തെലങ്കാന പൊലീസ് അക്കാദമിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നത്. പരിക്കുപറ്റിയ നാസറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സായാജി ഷിൻഡേ, നടിമാരായ സുഹാസിനി, മെഹ്റീൻ പിർസാദ എന്നിവരോടൊപ്പമുള്ള രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പടിയില്‍ നിന്നും കാല്‍വഴുതി നാസര്‍ വീഴുക ആയിരുന്നുവെന്നാണ് വിവരം. നടന്റെ പരിക്ക് ​ഗുരുതരമല്ലെന്നും വിശ്രമത്തിലാണെന്നും ഭാ​ര്യ കമീല അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റാണ് നാസർ. 

അതേസമയം, ശരവണ സ്റ്റോഴ്സ് ഉടമ ശരവണന്‍റെ സിനിമാ അരങ്ങേറ്റമായ ദ് ലെജന്‍ഡിൽ ആണ് നാസർ ഒടുവിൽ അഭിനയിച്ചത്. ജെ ഡി ജെറി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് ശരവണന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൌട്ടേല, ഗീതിക തിവാരി, സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു, വിജയകുമാര്‍, ലിവിങ്സ്റ്റണ്‍, സച്ചു എന്നിവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക് അഭിനയിച്ച അവസാന ചിത്രങ്ങളില്‍ ഒന്നാണ് ലെജന്‍ഡ്. ഹാരിസ് ജയരാജ് സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ വേല്‍രാജ് ആണ്. എഡിറ്റിംഗ് റൂബന്‍.

‘നന്ദി മമ്മൂക്ക, ഇനിയും ശ്രീലങ്കയിലേക്ക് വരൂ’; നടനെ കാണാൻ നേരിട്ടെത്തി മന്ത്രി

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവനിലും നാസർ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.