'ഉപ്പും മുളകിനും മുൻപേ എങ്ങനെയായിരുന്നോ അത് പോലെ ഇപ്പോഴും ജീവിതം പോകുന്നു'.
ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ചില വിവാദങ്ങളെത്തുടർന്ന് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഷ സാരംഗ് പരമ്പരയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇതേക്കുറിച്ചെല്ലാമാണ് നിഷ പുതിയ അഭിമുഖത്തിൽ മനസു തുറക്കുന്നത്.
''നമ്മൾ ഉത്തരം പറയുമ്പോൾ പല കഥകൾ എഴുതി വരും. തലക്കെട്ട് കൊടുത്തിരിക്കുന്നത് വേറെയായിരിക്കും. അതിലും നല്ലത് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരിക്കുക എന്നതാണ്. ഉപ്പും മുളകിനും മുൻപേ ഒരു ജീവിതം ഉണ്ടായിരുന്നു. 9 വർഷം ഉപ്പും മുളകിൽ നിന്നു. 26 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ വന്നിട്ട്. ഏറ്റവും കൂടുതൽ കാലം ഉപ്പും മുളകിൽ ആയായിരുന്നു. ഉപ്പും മുളകിനും മുൻപേ എങ്ങനെയായിരുന്നോ അത് പോലെ ഇപ്പോഴും ജീവിതം പോകുന്നു. അതിന് മുൻപേ ഞാൻ സിനിമകളും സീരിയലുകളുമായി തിരക്കായിരുന്നു. നൂറോളം സിനിമകൾ ചെയ്തിട്ടുണ്ട്. അമ്പതോളം സീരിയലുകളും ചെയ്തിട്ടുണ്ട്.
എല്ലാ മനുഷ്യർക്കും എപ്പോഴും എവിടെയെങ്കിലും വെച്ച് നല്ലൊരു ബ്രേക്ക് കിട്ടും. അത് പോലെ എനിക്ക് കിട്ടിയതാണ് ഉപ്പും മുളകും. നാച്വറലായി അഭിനയിക്കാനുള്ള പ്ലാറ്റ്ഫോമാണ് അവിടെ കിട്ടിയത്. അതെന്റെ ആക്ടിംഗിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. അനാവശ്യ വിവാദങ്ങൾ എന്നെ ബാധിക്കുന്ന കാര്യമല്ല. ആരെങ്കിലും അവർക്ക് ജീവിക്കാൻ വേണ്ടി എഴുതിയും പറഞ്ഞും വിടുമ്പോൾ ഞാൻ അതിനൊക്കെ ഉത്തരം കൊടുത്താൽ എനിക്ക് ജീവിക്കാൻ പറ്റുമോ. എന്റെ ജീവിതം എന്റെ മാത്രം കൈകളിലാണ്.
ഇപ്പോഴും ഞാൻ ടെലിവിഷനിലുണ്ട്. സിനിമയും ടെലിവിഷനും ഒരുപോലെ കൊണ്ട് പോകുന്നു. പുതിയത് ഉടൻ ടെലികാസ്റ്റിംഗ് ആരംഭിക്കുകയാണ്. സിനിമയും ചെയ്യുന്നുണ്ട്. പഴയത് പോലെ തന്നെ ഇപ്പോഴും പോകുന്നു'', വൺ ടു ടോക്സിനു നൽകിയ അഭിമുഖത്തിൽ നിഷ പറഞ്ഞു.


